ഇന്ന് മഴ പെയ്യും എന്നാണ് പ്രവചനം .ആം എന്നാൽ മഴ പെയ്യില്ല ഒരിക്കലെങ്കിലും ഇങ്ങനെ പറയാതിരുന്നിട്ടുണ്ടാവില്ല അല്ലെ .മിക്കപ്പോഴും മഴ പെയ്യും എന്ന് പറഞ്ഞാൽ പെയ്യില്ല പെയ്യില്ല എന്ന് പറഞ്ഞാൽ പെയ്യും ഇതായിരിക്കും അവസ്ഥ.അങ്ങനെ എത്ര എത്ര സ്കൂൾ ലീവ് ആഘോഷം ആകിയിട്ടുണ്ട്. എന്നാൽ ഈ പറയുന്ന കാലാവസ്ഥാ പ്രവചനം അത്ര എളുപ്പം അല്ല വളരെ ബുദ്ധിമുട്ടുള്ളതാണ്. നിലവിൽ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ വളരെ വലുതും അതുകൊണ്ടുതന്നെ വിക്ഷേപണച്ചെലവ് കൂടിയവയുമാണ്. ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ടാകുന്ന അത്തരം കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനോ അവ നൽകുന്ന മുന്നറിയിപ്പ് സന്ദേശങ്ങൾ സ്വീകരിക്കുന്നതിനോ ദരിദ്ര രാജ്യങ്ങൾക്ക് കഴിയില്ല.
സാമ്പത്തികമായി ഉന്നതിയിലുള്ള വികസിത രാജ്യങ്ങൾക്കു പോലും കാലാവസ്ഥാ പ്രവചനത്തിന് ആവശ്യമുള്ളത്ര കൃത്രിമ ഉപഗ്രഹങ്ങൾ ഇല്ല എന്നതാണ് യാഥാർഥ്യം. കൊടുങ്കാറ്റുകളുടെ ഉദ്ഭവവും അവയുടെ പ്രഹര ശേഷിയും അവ സൃഷ്ടിക്കുന്ന പേമാരിയും മറ്റ് പ്രകൃതി ക്ഷോഭങ്ങളും കൃത്യമായി നിർണയിക്കാൻ കഴിയുന്നില്ല എന്നകാര്യം അംഗീകരിച്ചേ മതിയാകൂ. വിശേഷിച്ചും ചുഴലി കൊടുങ്കാറ്റുകളും ന്യൂന മർദമേഖലകളും നിത്യേനയെന്നോണം ആഗോള വ്യാപകമായി സംഭവിക്കുമ്പോൾ നിലവിലുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ അപര്യാപ്തമാണ് എന്ന് കാണാൻ കഴിയും. ഇത്രയും പണം മുടക്കുന്നത് പോരാതെ വേണ്ട ഫലം കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും അല്ലെ .
ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനൊരുങ്ങുകയാണ് നമ്മുടെ നാസ. പരീക്ഷണ വിക്ഷേപണം നടത്തിയ റെയിൻക്യൂബ് ഈ മേഖലയിലുള്ള വലിയൊരു ചുവടുവയ്പാണ് ഇത്. നിരീക്ഷണ പേടകത്തിന്റെ വലുപ്പം വളരെ കുറച്ച് ഏകദേശം ഒരു ഷൂ ബോക്സിന്റെ വലുപ്പത്തിലാക്കുകയും ചെയ്ത ആദ്യ റെയിൻക്യൂബ് കൃത്രിമ ഉപഗ്രഹം 2018 മേയ് 21ന് വിജയകരമായി വിക്ഷേപിച്ചു. ഭാരക്കുറവ്, വലുപ്പക്കുറവ്, ചെലവ് കുറവ് എന്നിവ മാത്രമല്ല ഈ കൃത്രിമ ഉപഗ്രഹത്തിന്റെ സവിശേഷതകൾ. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന ഈ കൃത്രിമ ഉപഗ്രഹം വലിയ കാലാവസ്ഥാ നിർണയ ഉപഗ്രഹങ്ങൾക്ക് കഴിയാത്ത മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
കൊടുങ്കാറ്റുകളുണ്ടാകുമ്പോൾ അവയിലുണ്ടാകുന്ന ജലത്തിന്റെയും വാതകത്തിന്റെയും പ്രവാഹവും തോതും കൃത്യമായി അളക്കാൻ കഴിയുന്നില്ല എന്നത് ഇന്ന് നേരിടുന്ന വലിയൊരു സാങ്കേതിക വിഷമമാണ് അതുകൊണ്ടുതന്നെ ന്യൂനമർദം സൃഷ്ടിക്കുന്ന പേമാരിയും ദുരന്തങ്ങളും പലപ്പോഴും പ്രവചനാതീതമാകാറുണ്ട്. കേരളത്തിൽ അനുഭവപ്പെട്ട പ്രളയ ദുരന്തവും പേമാരിയും മറക്കാനായിട്ടില്ല. ഇത്തരം ന്യൂനമർദ മേഖലകൾ സ്ഥിരമായി സൃഷ്ടിക്കപ്പെടുന്നത് ഭാവിയിൽ ആഗോള കാലാവസ്ഥയിലും താപനിലയിലുമുണ്ടാക്കുന്ന വ്യതിയാനങ്ങൾ പ്രവചനാതീതമായി മാറാനും സാധ്യത കൂടുതലാണ്.