മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈത്തം ബിൻ താരിഖിന് ‘ലീഡർഷിപ്പ് അവാർഡ്’ നൽകി ആദരിച്ച് അറബ് പാർലമെന്റ്. അറബ് രാഷ്ട്രങ്ങളുടെ പ്രശ്ന പരിഹാരത്തിനായി ഒമാൻ സുൽത്താൻ നൽകുന്ന സേവനങ്ങൾ മുൻനിർത്തിയാണ് അറബ് പാർലമെന്റ് അദ്ദേഹത്തെ ആദരിച്ചത്. അറബ് രാഷ്ട്രത്തിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും സംയുക്ത അറബ് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലുമുള്ള നേതൃത്വ മികവിന് അറബ് നേതാക്കൾക്ക് നൽകുന്ന പരമോന്നത ബഹുമതിയാണിത്.
സുൽത്താൻ ഹൈത്തം ബിൻ താരിഖിന് പകരം അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാനമന്ത്രിയും സുൽത്താന്റെ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് അവാർഡ് ഏറ്റുവാങ്ങി. അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അബ്ദുറഹ്‌മാൻ അൽ അസൂമിയും പ്രതിനിധി സംഘവും ഓഫീസിലെത്തിയാണ് അവാർഡ് കൈമാറിയത്. അവാർഡ് ദാന ചടങ്ങിൽ ഷൂറ കൗൺസിൽ സ്പീക്കർ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലിയും അറബ് പാർലമെന്റ് അംഗങ്ങളും പങ്കെടുത്തു.