ദുബായ് : എമിറേറ്റിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ പുതിയ മൂന്നുപാലങ്ങൾകൂടി യാഥാർഥ്യമാകുന്നു. ശൈഖ് റാഷിദ് റോഡിനും ഫാൽക്കൺ ഇന്റർസെക്‌ഷനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാൻ ഓരോ ദിശയിലും മൂന്നുവരികളുള്ള 1335 മീറ്റർ നീളമുള്ള പാലം അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിലെ ആദ്യകരാറിൽ ഉൾപ്പെടുന്നു. ഇരുവശങ്ങളിലുമായി മണിക്കൂറിൽ 10,800 വാഹനങ്ങൾക്ക് കടന്നുപോകാനുള്ളശേഷി പാലത്തിനുണ്ട്.
കൂടാതെ ഫാൽക്കൺ ഇന്റർസെക്‌ഷനിൽനിന്ന് അൽ വാസൽ റോഡിലേക്ക് നീളുന്ന മൂന്നുവരികളുള്ള 780 മീറ്റർ നീളത്തിലുള്ള രണ്ടാമത്തെ പാലത്തിലൂടെ മണിക്കൂറിൽ 5400 വാഹനങ്ങൾക്ക് കടന്നുപോകാം. ജുമൈര സ്ട്രീറ്റിൽനിന്നും ജുമൈര സ്ട്രീറ്റിൽനിന്നും അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതത്തിന് രണ്ട് വരികളുള്ള 985 മീറ്റർ നീളമുള്ള പാലമാണ് അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാം ഘട്ടത്തിലെ മൂന്നാമത് കരാർ. ഇതുവഴി 3200 വാഹനങ്ങൾക്ക് മണിക്കൂറിൽ കടന്നുപോകാം.
അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായാണ് മൂന്നുപാലങ്ങളും ഒരുങ്ങുന്നത്. നിലവിൽ നാലാംഘട്ടത്തിന്റെ 45 ശതമാനം പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു. ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലെ ഇന്റർസെക്‌ഷൻമുതൽ അൽമിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർസെക്‌ഷൻ വരെ 4.8 കിലോമീറ്റർ നീളത്തിലാണ് മൊത്തം പദ്ധതി. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. ശൈഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ 13 കിലോമീറ്ററിൽ അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി വ്യാപിച്ചുകിടക്കുന്നതായി ആർ.ടി.എ.
4.8 കിലോമീറ്ററിൽ റോഡുകൾ നിർമ്മിക്കുക, ജുമൈര സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, സബാഹ് അൽ അഹമ്മദ് അൽ ജാബർ സ്ട്രീറ്റുകളിൽ നവീകരിച്ച ജങ്ഷനുകൾ, ശൈഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റിലും രണ്ട് കാൽനടപ്പാലങ്ങൾ നിർമിക്കുക എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സ്ട്രീറ്റ് ലൈറ്റുകൾ, മഴവെള്ളം ഒഴുക്കിവിടാനുള്ള സംവിധാനങ്ങൾ, ജലസേചനസംവിധാനം, എന്നിവയും പദ്ധതിയിലുൾപ്പെടുന്നു.
ആർ.ടി.എ. നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് അൽ ഷിൻഡഗ ഇടനാഴി മെച്ചപ്പെടുത്തൽപദ്ധതി. 13 കിലോമീറ്ററിൽ 15 ഇന്റർസെക്‌ഷനുകളുടെ വികസനം ഇതിലുൾപ്പെടും. ദേര, ബർദുബായ്, ദുബായ് ദ്വീപുകൾ, ദുബായ് വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, മിന റാഷിദ് തുടങ്ങിയിടങ്ങളിലെ വികസനങ്ങളും പദ്ധതിയിലൂടെ നടപ്പാക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം ആളുകൾക്ക് സേവനം നൽകുന്ന പദ്ധതി 2030-ഓടെ യാത്രാസമയം 104 മിനിറ്റിൽനിന്ന് 16 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.