രാജകീയ തലയെടുപ്പോടെ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പാഞ്ഞിരുന്ന നമ്മുടെ സ്വന്തം കാര്‍, അത് ഒരു വികാരമായി അഞ്ചു പതിറ്റാണ്ട് രാജ്യത്തിന്റെ വീഥികളില്‍ തലയെടുപ്പോടെ നിന്നു. അതേ നമ്മുടെ അംബാസഡര്‍, കാറുകള്‍ക്കിടയിലെ ഇന്ത്യന്‍ രാജാവ് വീണ്ടും വരുന്നു പുത്തന്‍ മാറ്റങ്ങളോടെ കാലത്തിന്റെ കരുത്തുമായി നിരത്തുകളിലേക്ക്.
ഇന്ന് രാവിലെ ഗൂഗിള്‍ ട്രെന്റിംഗില്‍ കയറി വന്നത് ഒരു അംബാസിഡര്‍ കാറും അതു സംബന്ധിച്ച വാര്‍ത്തയുമായിരുന്നു. അംബാസഡര്‍ എന്ന തങ്ങളുടെ പ്രിയ വാഹനത്തിന്റെ കാര്യങ്ങള്‍ അറിയാനുള്ള ആരാധക വൃന്ദത്തിന്റെ തിരച്ചില്‍ ആയിരിക്കാം ഗൂഗിള്‍ ട്രെന്റിങ്ങില്‍ ഇടം പിടിക്കാന്‍ കാരണം. എല്ലാവരും ആ വാര്‍ത്ത ശ്രദ്ധിച്ചെങ്കിലും നിരത്തുകളിലെ ഈ രാജാവ് എന്നു വരുമെന്ന് ഹിന്ദുസ്ഥാന്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 2024 പുതിയ മോഡല്‍ അവതരപ്പിക്കുമെന്ന് ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയെങ്കിലും, അതു സംബന്ധിച്ച ഒരു വിവരവും ഇതുവരെ ലഭ്യമാക്കിയിരുന്നില്ല.
എന്തായാലും രാജ്യത്തിന്റെ വികാരമായ അംബാസഡര്‍ വരും പുത്തന്‍ മാറ്റങ്ങളോടെ. പഴയ ലുക്കില്‍ നിന്നും വ്യത്യസ്തമായി ഇന്‍സ്പയറിങ് ഡിസൈനുമായിട്ടാണ് വരവ്. ഗൂഗിളില്‍ തപ്പിയാല്‍ അംബാസഡര്‍ എന്ന പേരില്‍ പല ഡിസൈനുകളും കാണിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഹിന്ദുസ്ഥാന്‍ മോട്ടേഴ്‌സ് സ്ഥിരീകരണം നല്‍കിയിട്ടില്ല. നമ്മുടെ പുത്തന്‍ തലമുറയ്ക്ക് ഒരു പക്ഷേ അംബാസഡറിനെക്കുറിച്ച് അറിയില്ലായിരിക്കാം. രാഷ്ട്രീയ നേതാക്കളും, സമ്പന്നരും, സര്‍ക്കാര്‍ വകുപ്പുകളും തുടങ്ങി അംബാസഡര്‍ തലയെടുപ്പോടെ ഓടിയ സ്ഥലങ്ങള്‍ വലുതായിരുന്നു.
എന്തുപറ്റി അംബസഡറിന്
കാലത്തിനുസരിച്ച് രൂപത്തിലും സാങ്കേതിക വിദ്യയിലും മാറ്റം വരുത്താത്തതാണ് അംബാസഡറിന്റെ പ്രതാപകാലത്തിന് മങ്ങലേറ്റത്. 1960ല്‍ പ്രയാണം ആരംഭിച്ച അംബാസഡര്‍ 1990 കളുടെ മധ്യത്തോടെ പതിയെ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങി. സുസുക്കിയും മറ്റ് കാര്‍ നിര്‍മ്മാതാക്കളും രാജ്യത്ത് രംഗം പ്രവേശനം ചെയ്തതോടെ സാങ്കേതിക വിദ്യയില്‍ പിന്നില്‍ നിന്ന അംബാസഡര്‍ പതിയെ കളം വിടാന്‍ തുടങ്ങി. കാലത്തിനനുസരിച്ച് പലതരം വേരിയന്റുകള്‍ അവതരിപ്പിച്ചെങ്കിലും അതൊന്നും ക്ലച്ച് പിടിച്ചില്ലെന്ന് പറയാം. ഓരോ മോഡലിനും പലതരം തകരാറുകള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.
സി.എം ബിര്‍ളയാണ് 1942 ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിച്ചത്. ഗുജറാത്തില്‍ പോര്‍ട്ട് ഒക്കയില്‍ പാസഞ്ചര്‍ കാറുകള്‍ അസംബിള്‍ ചെയ്യാനായി അദ്ദേഹം ഒരു ചെറിയ ഫാക്ടറി സ്ഥാപിച്ചതോടെയാണ് അംബാസഡറിന്റെ പിറവി. 1958 മധ്യത്തില്‍ കൊല്‍ക്കത്തയിലെ ഉത്തന്‍പുരയിലെ പ്ലാന്റിലാണ് ആദ്യ കാര്‍ നിര്‍മിച്ചത്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള കാര്‍ പ്ലാന്റാണിത്. ജപ്പാനിലെ ടൊയോട്ടയുടെ പ്ലാന്റ് കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ പ്ലാന്റും ഇതുതന്നെ. 1956 മുതല്‍ 1959 വരെ യുകെയിലെ ഓക്സ്ഫോര്‍ഡിലെ കൗലിയില്‍ മോറിസ് മോട്ടോഴ്സ് ലിമിറ്റഡ് ആദ്യമായി നിര്‍മ്മിച്ച മോറിസ് ഓക്സ്ഫോര്‍ഡ് സിരീസ്3 മോഡലിനെ അടിസ്ഥാനമാക്കി അലെക് ഇസിഗോണിസാണ് അംബാസഡര്‍ പിറന്നത്.
2010 നുശേഷം ഡിമാന്‍ഡ് കുറവും സാമ്പത്തിക പ്രശ്നങ്ങളും കാരണം കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങള്‍ക്ക് പുറത്തുള്ള പ്ലാന്റുകളില്‍ ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ ഉത്പാദനം അവസാനിപ്പിച്ചു. റദ്ദാക്കുന്നതിന് മുമ്പ്, 2014 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 2,200 അംബാസഡര്‍മാരെ വിറ്റിരുന്നു, എണ്‍പതുകളുടെ മധ്യത്തില്‍ അംബാസഡര്‍ നേടിയ വില്‍പ്പനയുടെ പത്തിലൊന്ന് മാത്രമാണ്.
2022ല്‍, പുതിയ രൂപകല്‍പ്പനയില്‍ അംബാസഡറെ തിരികെ കൊണ്ടുവരാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ പ്യൂഷോയുമായി ചേര്‍ന്ന് കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങി. നേരത്തെ 2017ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസഡര്‍ ബ്രാന്‍ഡ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ പ്യൂഷോയ്ക്ക് 80 കോടി രൂപയ്ക്ക് വിറ്റിരുന്നു. നിലവിലെ ആവശ്യകത അനുസരിച്ച് പുതിയ അംബാഡഡര്‍ കാര്‍ ഒരു ഇവി വേരിയന്റാകാന്‍ സാധ്യതയുള്ളതായി ഓട്ടോ ജേര്‍ണലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.