വോട്ടെടുപ്പ് പുരോഗമിക്കുന്നതിന് ഒപ്പം പ്രശ്നങ്ങളും കൂടി വരികയാണ് .ഇപ്പോഴിതാ വസ്ത്രം വരെ അഴിച്ചുള്ള പരിശോധന വരെ നടത്തി തുടങ്ങി എന്നാണ് പറയുന്നത്.
നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.തിരിച്ചറിയലിനായി വോട്ടര്‍മാരുടെ ശിരോവസ്ത്രം മാറ്റാന്‍ ആവശ്യപ്പെടാന്‍ സ്ഥാനാര്‍ഥിക്ക് അവകാശമില്ലെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സംശയമുണ്ടെങ്കില്‍ അവര്‍ക്ക് പോളിങ് ഓഫീസറെ ഇക്കാര്യം അറിയിക്കാമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. സംഭവത്തില്‍ മാധവി ലതയ്‌ക്കെതിരെ മലക്‌പേട്ട് പൊലീസ് കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു.സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തതെന്ന് ഹൈദരാബാദ് ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരെയും പോളിങ് ഉദ്യോഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.
മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.
അതേസമയം, സ്ഥാനാര്‍ഥി എന്ന നിലയില്‍ വോട്ടര്‍മാരുടെ ഐഡി കാര്‍ഡുകള്‍ പരിശോധിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു മാധവി ലതയുടെ പ്രതികരണം. താനൊരു സ്ത്രീയാണ്. അവരോട് വളരെ വിനയത്തോടെയാണ് താന്‍ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്. ആരെങ്കിലും ഇത് വിവാദമാക്കുന്നുണ്ടെങ്കില്‍ അത് പരാജയഭീതികൊണ്ടാണെന്നും അവര്‍ പറഞ്ഞു.