Thiruvananthapuram

ഉലകം ചുറ്റുന്ന ഭരണകൂടം അന്നം മുട്ടുന്നവരുടെ ദുരിത ജീവിതം കാണുന്നില്ല: ബിഎംഎസ്

മെയ് മാസം പകുതി ആയിട്ടും കെ എസ് ആർ ടി സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അനുവദിച്ചിട്ടില്ല

ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള ക്രമീകരണം പോലും ഏർപ്പാടാക്കാതെ ഉല്ലാസയാത്ര നടത്തുന്ന ഭരണകൂടം കേരളത്തിനപമാനമാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ കുറ്റപ്പെടുത്തി. മെയ് മാസം പകുതി ആയിട്ടും കെ എസ് ആർ ടി സി ജീവനക്കാരുടെ ഏപ്രിൽ മാസത്തെ ശമ്പളം അനുവദിക്കാത്തതിനെതിരെ സംഘടന കെ എസ് ആർ ടി സി ചീഫ് ഓഫീസിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാസം 230 കോടിയിലധികം വരുമാനം ലഭിച്ചിട്ടും ജീവനക്കാരുടെ ശമ്പളം നിഷേധിക്കുന്നത് ഭൂമാഫിയയുമായി സർക്കാർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കെ എസ് ആർ ടി സി യിൽ കടുത്ത പ്രതിസന്ധിയാണെന്ന് വരുത്തിത്തീർത്ത് കണ്ണായ ഭൂസ്വത്ത് കോഴിക്കോട് ഉൾപ്പടെ ചെയ്തതു പോലെ സ്വകാര്യ റിയൽ എസ്റ്റേറ്റ് ഭീമന്മാർക്ക് ദീർഘകാല പാട്ടത്തിന് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. പുതിയ നിയമനങ്ങൾ നടത്താതെയും ബസുകൾ വാങ്ങാതെയും കെ എസ് ആർ ടി സി യെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. പണിയെടുത്ത കൂലി നിഷേധിക്കുന്ന ഈ ഫാസിസ്റ്റ് സമീപനം ജീവനക്കാരെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് സി എസ് ശരത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി പ്രദീപ് വി നായർ, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എസ്. സുരേഷ് കുമാർ, ജി എസ് ഗോപകല, സംസ്ഥാന സെക്രട്ടറി എസ് വി ഷാജി, എസ് ആർ അനീഷ്, ആർ പത്മകുമാർ എന്നിവർ സംസാരിച്ചു. ചീഫ് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ജില്ലാ പ്രസിഡൻ്റ് സന്തോഷ് കുമാർ, സെക്രട്ടറി എ എസ് പത്മകുമാർ, ഡി ബിജു, വി ആർ അജിത് എന്നിവർ നേതൃത്വം നൽകി. കാരണഭൂതൻ ടൂറിലാണ് ജീവനക്കാർ പട്ടിണിയിലാണ് എന്ന പ്ലക്കാർഡ് തുരുമ്പിച്ച സ്റ്റീൽ കസേരയിൽ ഒട്ടിച്ച് അത് ചുമന്നാണ് പ്രകടനം നടന്നത്.

Latest News