മുംബൈ: മുംബൈയിൽ ശക്തമായ പൊടിക്കാറ്റ്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്. ഇതോടെ തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ, അന്തരീക്ഷം മൂടിക്കെട്ടിയ സ്ഥിതിയും രൂപപ്പെട്ടു.
മുംബൈയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മഴ ആശ്വസമായെങ്കിലും പൊടിക്കാറ്റ് ബഹുനിലക്കെട്ടിടങ്ങള്‍ക്ക് വലിയ ശല്യമാണ് സൃഷ്ടിച്ചത്. പെട്ടെന്ന് കാലാവസ്ഥയിലുണ്ടായ മാറ്റം നഗരത്തിലെ ഗതാഗതത്തെയും ബാധിച്ചു.
പൊടിക്കാറ്റിൽ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടൻ ടേക്ക് ഓഫ് ലാൻഡിങ് തുടങ്ങുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. വിമാനം ഇറക്കുന്നതും പറന്നുയരുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് സബർബർ ട്രെയിൻ സർവീസുകളും വൈകുകയാണ്. സെൻട്രൽ ലൈനിലും ഹാർബർ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിൻ സർവീസിനെ ബാധിച്ചു. താനെ, പാല്‍ഘര്‍, റായ്ഗഡ്, സോലാപുര്‍, ലാത്തൂര്‍, ബീഡ്, നാഗ്പുര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകള്‍ക്ക് ആര്‍.എം.സി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.