India

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട പോളിങ് അവസാനിച്ചു, അഞ്ച് മണിവരെ 62.31%

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയത് ഭേദപ്പെട്ട പോളിങ്. അഞ്ച് മണിവരെ 62.31 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തെലങ്കാനയിൽ അഞ്ച് മണി വരെ 61.16% രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ഭുവനഗിരിയിലാണ് രേഖപ്പെടുത്തിയത്(72.34%).
ഹൈദരാബാദിൽ പോളിംഗ് അഞ്ച് മണി വരെ 40 ശതമാനം പോലും കടന്നില്ല (39.17%). എന്നാൽ മഹാരാഷ്ട്രയിൽ അഞ്ച് മണി വരെ 52.49% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ‌ ഏറ്റവും കൂടുതൽ പോളിംഗ് നന്ദുർബറിലാണ് രേഖപ്പെടുത്തിയത്.( 60.60%). പൂനെ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നില്ല. ആന്ധ്രയിൽ 67.99 ശതമാനമാണ് അഞ്ചുമണി വരെയുള്ള പോളിം​ഗ്.

ഒമ്പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 96 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പും പൂർത്തിയായി. വോട്ടെടുപ്പിനിടെ നിരവധിയിടങ്ങളിൽ സംഘർഷങ്ങളുണ്ടായി.

ഛപ്രയിലെയും കൃഷ്ണനഗറിലെയും ബൂത്തുകളിൽ സി.പി.എം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. കേതുഗ്രാമിലെ പാർട്ടി പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ഇന്നലെയാണ് ബോംബ് ആക്രമണത്തിൽ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടത്. ദുർഗാപൂരിൽ തൃണമൂൽ ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ബിർഭത്ത് പോളിങ് സ്റ്റേഷന് പുറത്തുള്ള സ്റ്റാൾ തൃണമൂൽ നശിപ്പിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.

ആന്ധ്രപ്രദേശിലെ ചിറ്റൂർ, കടപ്പ, അനന്ത്പൂർ, പൽനാട്, അണ്ണാമയ ജില്ലകളിൽ ആക്രമണമുണ്ടായി. ഗുണ്ടൂരിൽ വോട്ടറെ വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ എ ശിവകുമാർ മർദിച്ചു. ഉടൻ വോട്ടറും തിരിച്ചടിച്ചു.

മുസ്ലിം സ്ത്രീയെ പൊളിങ് ബൂത്തിൽ പരിശോധിച്ച ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്‌പേട്ട് പോലീസ് കേസെടുത്തു. പോളിങ് പുരോഗമിക്കവേ ബൂത്ത് സന്ദർശിക്കുമ്പോൾ ആയിരുന്നു ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും സാന്നിധ്യത്തിൽ ഐ.ഡി കാർഡിലെ ആളും വന്നിരിക്കുന്ന ആളും ഒന്നാണോ എന്ന് അറിയാൻ ബി.ജെ.പി സ്ഥാനാർഥിയുടെ പരിശോധന.

കൃഷ്ണനഗറിലും ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടിയപ്പോൾ ബർദ്ധമാൻ ദുർഗാപൂരില്‍ കല്ലേറ് നടന്നു. ഉത്തർപ്രദേശില്‍ സമാജ്‍വാദി പാർട്ടി പ്രവർത്തകരെ ബിജെപി തടഞ്ഞുവെന്ന് പരാതി ഉണ്ട്. കനൗജിലെ ഒരുബൂത്തില്‍ വിവിപാറ്റും ഇവിഎം മെഷീനുമായി പൊരുത്തക്കേട് ഉണ്ടായെന്ന ആരോപണവും ഉയർന്നു. മധ്യപ്രദേശില്‍ ചിലയിടങ്ങളില്‍ പെയ്ത മഴ വോട്ടെടുപ്പിനെ ബാധിച്ചു.