മലപ്പുറം: പൊന്നാനി ബോട്ടപകടം സംബന്ധിച്ച കേസ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസിന് കൈമാറും. ഫോർട്ട് കൊച്ചി കോസ്റ്റൽ പരിധിയിലാണ് സംഭവം നടന്നത് എന്നതിനാലാണ് നടപടി. അപടകടത്തിൽപ്പെട്ട സാഗർ യുവരാജ് എന്ന കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പൽ രാത്രി ഫോർട്ട് കൊച്ചി തീരത്തെത്തിക്കും. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു.
പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഇന്ന് പുലർച്ചെ ഒന്നരയ്ക്കായിരുന്നു അപകടം നടന്നത്. ആറു മത്സ്യത്തൊഴിലാളികളുമായി പോയ ഇസ്‌ലാഹ് എന്ന ബോട്ടിലാണ് കപ്പലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു. അപകട സമയത്ത് ബോട്ടിൽ ഉണ്ടായിരുന്ന നാലുപേരെ കപ്പൽ ജീവനക്കാർ രക്ഷപെടുത്തി. ബോട്ടിലുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സലാം, ഗഫൂർ എന്നിവർ മരണപ്പെട്ടു.
കപ്പൽ ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനി വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചതിനെ തുടർന്ന് 6 തൊഴിലാളികൾ കടലിൽ പെട്ടുപോയിരുന്നു. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കാണാതായ സലാം, ഗഫൂർ എന്നിവരുടെ മൃതദേഹം പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയിരുന്നു. നേവിയും കോസ്റ്റുഗാര്‍ഡും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കിട്ടിയത്.
അതേസമയം, ബോട്ട് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാലു മണിയോടെ മൃതദേഹങ്ങൾ ഖബറടക്കി.