ബംഗളൂരു: അശ്ലീല ദൃശ്യ വിവാദത്തിന് പിന്നാലെ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാര്‍പ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും എംഎൽഎയുമായ എച്ച്.ഡി രേവണ്ണയ്ക്ക് ജാമ്യം. ബംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നൽകിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു. ഇതോടെയാണ് ആറ് ദിവസമായി ജയിലിൽ കഴിഞ്ഞ രേവണ്ണയ്ക്ക് ജാമ്യം നേടാനായത്. അഞ്ച് ലക്ഷം രൂപയുടെ ജാമ്യ തുകയിൽ ഉപാധികളോടെയാണ് ജാമ്യം. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനാണ് എച്ച്ഡി രേവണ്ണ. മെയ് നാലിനാണ് എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
കേസിലെ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തിൽ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിർദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ജുഡീഷ്യൽ കസ്റ്റഡി മെയ് 14ന് തീരാനിരിക്കെയാണ് കോടതി ജാമ്യം അനുവദിച്ചത്.
രേവണ്ണയുടെ മകൻ പ്രജ്വല്‍ രേവണ്ണക്കെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ മകനാണ് അമ്മയെ രേവണ്ണ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകിയത്. പോലീസാണ് ഇവരെ രക്ഷിച്ചത്. എന്നാൽ തന്നെയാരും തട്ടിക്കൊണ്ടുപോയതല്ലെന്ന് സ്ത്രീ തന്നെ വെളിപ്പെടുത്തുകയായിരുന്നു.
രേവണ്ണയ്ക്ക് എതിരെയും ബലാത്സംഗ ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഒരു കേസിലും ഇതുവരെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനാൽ തന്നെ രേവണ്ണയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ ജയിൽ മോചിതനാകാനാവും.