ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണി വിജയിച്ചാൽ, ജൂൺ അഞ്ചിന് തന്നെ താൻ തിഹാർ ജയിലിൽ നിന്ന് മടങ്ങിയെത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തിഹാറിലെ തന്റെ സെല്ലിനകത്ത് രണ്ട് സി.സി.ടി.വി കാമറകളുണ്ട്. അതിലെ ദൃശ്യങ്ങൾ നിരീക്ഷിക്കാൻ 13 ഉദ്യോഗസ്ഥരുമുണ്ട്. ഈ ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനും നൽകുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മോദിയും തന്നെ നിരീക്ഷിക്കുകയാണ്. മോദിക്ക് എന്തിനാണ് തന്നോട് ഇത്ര പകയെന്ന് അറിയില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.
രാത്രി താൻ ബാത്ത് റൂമിൽ പോകുന്നത് എപ്പോഴാണെന്നത് പോലും അവർ നിരീക്ഷിക്കുന്നുണ്ട്. കെജ്‌രിവാൾ തകർന്നോ ഇല്ലയോ എന്ന് കാണാൻ മോദി ആഗ്രഹിക്കുന്നു. കെജ്‌രിവാൾ നിരാശനല്ല. ഹനുമാൻ്റെ അനുഗ്രഹം എനിക്കുണ്ടെന്ന് അവരോട് പറയാൻ ആഗ്രഹിക്കുന്നു. കെജ്‌രിവാളിനെ ഇങ്ങനെ തകർക്കാമെന്ന് അവർ കരുതുന്നു. പക്ഷേ അവർക്കത് സാധിക്കില്ല. മോദി ജി ദൈവമല്ല’ -കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.
മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്നും നീക്കുന്നത് ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാര പരിധിയില്‍ പെട്ട കാര്യങ്ങളാണെന്നും കോടതി ഇടപെടില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും വ്യക്തമാക്കി. മുഖ്യമന്ത്രിയെ നീക്കാന്‍ ആവശ്യപ്പെടുന്നത് നിയമപരമായ അവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഔചിത്യവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ബെഞ്ച് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി അടുത്തിടെ വിസമ്മതിച്ചിരുന്നു. ഹർജിക്കാരൻ കോടതിയെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ഹൈക്കോടതി, 50,000 രൂപ പിഴ ചുമത്തുമെന്ന് പറഞ്ഞിരുന്നു.