എറണാകുളം: മൂവാറ്റുപുഴയിൽ എട്ടു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ. മൂവാറ്റുപുഴ നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിൽ നിരീക്ഷിച്ചു വരികെ ഞായറാഴ്ച നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
വ്യാഴാഴ്ച നഗരത്തിലെ വെള്ളൂർക്കുന്നം തൃക്ക ഭാഗത്ത് സ്വകാര്യ വ്യക്തി വളർത്തിയിരുന്ന നായ വ്യാഴാഴ്ച രാവിലെ ചങ്ങല പൊട്ടിച്ച് പുറത്തുചാടിയാണ് എട്ടുപേരെ കടിച്ചത്. മദ്റസ വിദ്യാർഥിക്കും അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന യുവതിക്കും കടിയേറ്റു. തൃക്കയിൽനിന്ന് തുടങ്ങി, ഉറവക്കുഴി, ആസാദ് റോഡ്, വാഴപ്പിള്ളിവഴി പുളിഞ്ചുവട് കവല വരെയുള്ള രണ്ട് കിലോമീറ്റർ ഒരു നായ് അടക്കം മൂന്നു വളർത്തുമൃഗങ്ങൾക്കും കടിയേറ്റു. മുറ്റം അടിച്ചുകൊണ്ടിരുന്ന വയോധികക്ക് നായ് ഓടിച്ചതിനെത്തുടർന്ന് വീണ് ഗുരുതര പരിക്കേറ്റു. നാല് മണിക്കൂറിനുള്ളിലാണ് നായ പരിഭ്രാന്തി സഷ്ടിച്ചത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയിലെ മുഴുവൻ തെരുവ് നായകൾക്കും വാക്സിനേഷൻ നൽകാൻ തീരുമാനിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി വാക്സിനേഷൻ പൂർത്തിയാക്കും. ചൊവ്വാഴ്ച പുലർച്ചെ ആറോടെ വാക്സിനേഷൻ ആരംഭിക്കും.
നായയുടെ കടിയേറ്റ എട്ടുപേരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുകയാണ്. നായക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പെടുക്കാത്തതിനെ തുടർന്ന് ഉടമയ്ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
തെരുവുനായ ആണ് ആക്രമിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളര്ത്തു നായ ആണെന്നും നഗരസഭ വ്യക്തമാക്കിയത്.
സംഭവ ദിവസം കോട്ടയത്തുനിന്ന് എത്തിയ വിദഗ്ധ സംഘം നായെ പിടികൂടി കൂട്ടിലടച്ച് നിരീക്ഷിച്ചുവരുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെ ചത്തു. തുടർന്ന് മണ്ണുത്തിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നായക്ക് പേവിഷ സ്ഥിരീകരിച്ചത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. തെരുവുനായ്ക്കൾ അടക്കം നിരവധി മൃഗങ്ങളെ നായ കടിച്ചതായാണ് സൂചന. ഇതിൽ എത്ര എണ്ണത്തിന് പേവിഷബാധ ഏറ്റിട്ടുണ്ടെന്ന ഭീതിയാണ് നാട്ടുകാർക്ക്.