ദുബൈ: മുതലകൾക്ക് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനുമായി ദുബൈ ക്രോക്കോഡൈൽ പാർക്കിൽ കൂടൊരുക്കൽ സീസൺ പ്രഖ്യാപിച്ചു. പാർക്കിനുള്ളിൽ പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ പെൺ നൈൽ മുതലകൾ മുട്ടയിടുന്ന ശ്രദ്ധേയമായ സമയമാണിത്. ഇങ്ങനെ പെൺമുതലകൾ ഇടുന്ന മുട്ടകൾ പാർക്കിലെ വിഗദ്ധർ ശേഖരിക്കും. തുടർന്ന് ഇതിന്റെ താപനില, വലുപ്പം, തോടിന്റെ ഗുണനിലവാരം തുടങ്ങിയവ രേഖപ്പെടുത്താൻ ഓരോ കൂടും സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കും.
ഇതുവഴി മുതലകളുടെ ആരോഗ്യത്തെ കുറിച്ചും അവയുടെ ജനസംഖ്യയെ കുറിച്ചും അപൂർവമായ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. കഴിഞ്ഞ ഒരാഴ്ചയായി ക്യുറേറ്റർമാരുടെ സംഘം പെൺമുതലകളെ നിരീക്ഷിക്കുകയും കൂടുകൾ പരിശോധിച്ച് മുട്ടകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
നൈൽ പെൺമുതലകൾ ഒരു സമയം 60 മുട്ടകൾ വരെ ഇടും. തുടർന്ന് ഇത് വിരിയിക്കാനായി മണ്ണിനടിയിൽ പൂഴ്ത്തിവെക്കുകയാണ് ചെയ്യുക. ഈ മുട്ടകൾ വിരിയാൻ ഏതാണ്ട് 90 ദിവസമെടുക്കും. കൂടുകെട്ടൽ പ്രദേശങ്ങൾ സുരക്ഷിതത്വം ഉറപ്പാക്കാൻ ജലത്തിൽ നിന്നും ആൺ മുതലകളുടെ പ്രദേശങ്ങളിൽനിന്നും മാറിയാണ് തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയകൾ സന്ദർശകർക്ക് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുക. ദുബൈ ക്രോക്കോഡൈൽ പാർക്ക് സന്ദർശിക്കാൻ മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.