കാസര്‍കോട്: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. ചിറ്റാരിക്കാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള കാനിച്ചി കുഴിയില്‍ ബേബി കുര്യാക്കോസിന്റെ പറമ്പിലെ ഒരു കിണറ്റില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്.
വീടിനോട് ചേര്‍ന്ന് പറമ്പില്‍ രണ്ടു കിണറുണ്ട്. വീട് വാടകയ്ക്ക് നല്‍കിയിരുന്നു. ഒരു കിണറ്റില്‍ വെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉപയോഗിക്കാത്ത കിണര്‍ വൃത്തിയാക്കുന്നതിനിടയിലാണ് ഇവ കണ്ടെത്തിയത്.
ഇതോടൊപ്പമുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം കടുമേനി പാവലിലെ കണ്ടനാമറ്റത്തിൽ കുര്യൻ (അനീഷ്–40) ന്റെ തിരിച്ചറിയൽ കാർഡും ലഭിച്ചിരുന്നു. ഇയാളെ കഴിഞ്ഞ ഒരുവർഷമായി കാണാതായതാണ്. അതുകൊണ്ടുതന്നെ അസ്ഥികൂടം ഇയാളുടേതാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.
ബേബി കുര്യാക്കോസ് വാടകയ്ക്കു കൊടുത്ത വീട്ടിലെ കിണർ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവിടുത്തെ താമസക്കാർ വൃത്തിയാക്കിയത്. വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. എന്നാൽ വീട്ടുടമ സ്ഥലത്തില്ലാത്തതിനാൽ അസ്ഥികൂടം ഇവർ കിണറിനു സമീപത്തുതന്നെ മൂടിവയ്ക്കുകയായിരുന്നു.
ഇന്നലെ രാവിലെ സ്ഥലമുടമ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ഫൊറൻസിക് സയന്റിഫിക് ഓഫിസർ എം.എം.ഹരികൃഷ്ണന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. ശരീരാവശിഷ്ടങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.