സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയിൽ(SSLC Examination 2024) ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്തവർക്കായി അവസരമൊരുക്കി സേ പരീക്ഷ(SSLC Say Exam). മെയ് 28 മുതൽ ജൂൺ നാല് വരെ സേ പരീക്ഷ നടത്താനാണ് തീരുമാനം. ഇത് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവൻ വിജ്ഞാപനമിറക്കി. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകളിൽ യോഗ്യതാ മാർക്ക് നേടാത്ത വിദ്യാർഥികൾക്ക് ഈ പരീക്ഷയെഴുതാം. അതേസമയം പുനഃർ മൂല്യനിർണയത്തിന് മെയ് 15 വരെ അപേക്ഷിയ്ക്കാം. സർട്ടിഫിക്കറ്റ് വിതരണം ജൂൺ ആദ്യവാരം നടത്തും.
ഇത്തവണത്തെ 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങൾ മെയ് എട്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസിക്ക് 99.69 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. ഇത്തവണ 0.01% കുറഞ്ഞു. 71,831 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടാൻ സാധിച്ചു. കഴിഞ്ഞ വർഷം ഇത് 68,604 ആയിരുന്നു. വിജയ ശതമാനത്തിൽ 0.01 ശതമാനത്തിൻ്റെ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോൾ എ പ്ലസിൽ വൻ കുതിച്ച് ചാട്ടമാണ് കുട്ടികൾ സ്വന്തമാക്കിയത്.
892 സർക്കാർ സ്കൂളുകൾക്ക് 100 ശതമാനം വിജയം ഗൾഫിൽ 100 ശതമാനം വിജയം സ്വന്തമാക്കാൻ സാധിച്ചു. ഒപ്പം ഹിയറിംഗ് എയ്ഡ് വിദ്യാർത്ഥികളും 100 ശതമാനം വിജയം കരസ്ഥമാക്കി. വിജയ ശതമാനം ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിലാണ്(99.92) . കുറവ് തിരുവനന്തപുരത്തും രേഖപ്പെടുത്തി(99.08). പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി. കുറവ് രേഖപ്പെടുത്തിയത് ആറ്റിങ്ങലിലുമാണ്.