പത്തനംതിട്ട: പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തില്‍ നിരണത്തെ സര്‍ക്കാര്‍ ഫാമിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് കൊന്നൊടുക്കല്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കാനാണ് തീരുമാനം. ഒരാഴ്ച മുമ്പ് തിരുവല്ല നിരണത്തെ സര്‍ക്കാര്‍ ഡക്ക് ഫാമിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തിൽ ചത്ത താറാവുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ മാസം 12ന് പക്ഷിപ്പനി സ്ഥിരീകരിച്ച് ഭോപ്പാലിലെ കേന്ദ്ര ലാബിൽ നിന്ന് റിപ്പോർട്ട് എത്തി. 5000 ഓളം താറാവുകളാണ് നിരണത്തെ ഡക്ക് ഫാമിലുള്ളത്.