ലക്നോ: ഉത്തർപ്രദേശിൽ പ്രാദേശിക ബിജെപി നേതാവായ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു. വിവാദ ചാനലായ സുദർശൻ ന്യൂസിലെ കറസ്‌പോണ്ടന്റ് അശുതോഷ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ അക്രമികളാണ് വെടിവെച്ചതെന്നാണ് നിഗമനം. അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്പി അജയ് പാൽ ശർമ്മ പറഞ്ഞു.
ജൗൻപൂർ ജില്ലയിലെ കോട്വാലിയിലെ മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പോകുമ്പോഴാണ് അജ്ഞാതനായ ബൈക്ക് യാത്രികൻ ഇയാളെ തടഞ്ഞുനിർത്തിയതും മറ്റ് നാല് പേർ വന്ന് വെടിയുതിർക്കുകയും ചെയ്തത്. ഉടനെ ഷാഗഞ്ച് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംഭവത്തിന് പിന്നാലെ ഷാഗഞ്ച് എംഎൽഎ രമേശ് സിംഗും മറ്റ് ബിജെപി നേതാക്കളും സ്ഥലത്തെത്തി. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു
അതേസമയം, പൊലീസിനെതിരെ കടുത്ത ആരോപണവുമായി അശുതോഷിന്‍റെ കുടുംബം രംഗത്തെത്തി. അശുതോഷ് പ്രദേശത്ത് അനധികൃതമായി നടക്കുന്ന ഗോവധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നെന്നും ഇത് മൂലം അശുതോഷിന് പശു കടത്ത് സംഘങ്ങളിൽ നിന്നും നിരന്തരം ഭീഷണി ഉണ്ടാകാറുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞു.
ഭീഷണി മൂലം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ആവശ്യം പൊലീസ് അവഗണിച്ചെന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസിന്‍റെ വീഴ്ച ആരോപിച്ച് ജോൻപൂരിലെ മാധ്യമപ്രവർത്തകരുടെ സംഘടനയും രംഗത്തെത്തി.കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.