പട്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാ എം.പിയുമായ സുശീൽ കുമാർ മോദി (72) അന്തരിച്ചു. ക്യാൻസർബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. താൻ ക്യാൻസറുമായി മല്ലിടുകയാണെന്നും ഇത്തവണ ലോക്സഭാ മത്സരത്തിനില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘കഴിഞ്ഞ ആറ് മാസമായി ഞാന്‍ ക്യാന്‍സറുമായി പോരാടുകയാണ്. ഇപ്പോള്‍, ഇതിനെക്കുറിച്ച് ആളുകളെ അറിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എനിക്ക് പ്രചാരണം നടത്താന്‍ കഴിയില്ല.ഞാന്‍ പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിട്ടുണ്ട്. രാജ്യത്തോടും ബിഹാറിനോടും പാര്‍ട്ടിയോടും എപ്പോഴും നന്ദിയും സമര്‍പ്പണവുമാണ്,’ എന്നാണ് അന്ന് സുശീല്‍ കുമാര്‍ മോദി എക്‌സില്‍ കുറിച്ചത്.
രാജ്യസഭാ എംപിയായിരുന്ന സുശീല്‍ കുമാര്‍ മോദിയുടെ കാലാവധി ഈയടുത്താണ് അവസാനിച്ചത്. നിതീഷ് കുമാറുമായി മികച്ച ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് ഇന്‍ഡ്യ മുന്നണി വിട്ട് എന്‍ഡിഎയിലേക്ക് എത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി മികച്ച പങ്ക് വഹിച്ചതായാണ് പറയപ്പെടുന്നത്.