ലോകത്തിലെ എല്ലാവരും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഭൂട്ടാൻ . എന്നാല്‍ അവിടെ ഏറ്റവും അപകടം പിടിച്ചൊരു വിമാനത്താവളം ഉണ്ട് .അത് എങ്ങനെ അപകടം നിറഞ്ഞതായി എന്നറിയണ്ടേ ..ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായാണ് ഭൂട്ടാനിലെ ഈ പാരോ രാജ്യാന്തര വിമാനത്താവളം അറിയപ്പെടുന്നത് . പാരോ നഗരത്തില്‍ നിന്ന് ആറു കിലോമീറ്റർ ദൂരെ പാരോ ചു എന്ന നദിയുടെ തീരത്താണ് ഈ വിമാനത്താവളം. ഉയരമുള്ള കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിലേക്കു വിമാനം ഇറക്കാൻ പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ള പൈലറ്റുമാർക്കേ സാധിക്കുകയുള്ളൂ. സമുദ്ര നിരപ്പില്‍ നിന്ന് 7332 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ചുറ്റുമുള്ള പർവ്വതങ്ങള്‍ക്ക് 18,000 അടി ഉയരമാണ് ഇതാണ് പാരോ ഇത്രയും അപകടം പിടിച്ചത് എന്ന പറയാൻ ഉള്ള പ്രധാന കാരണം. 3,900 അടിയുള്ള റണ്‍വേയാണ് ഇവിടെ ഉള്ളത്.
നിലവില്‍ ലോകത്തില്‍ 24 പൈലറ്റുമാർക്കു മാത്രമേ പാരോ വിമാനത്താവളത്തിലേക്കു വിമാനം പറത്താൻ അനുമതിയുള്ളൂ. അപകടസാധ്യത കൂടുതലായതിനാല്‍ അത്രയും ശ്രദ്ധിച്ചു വേണം ഇവിടേക്കു വിമാനം പറത്തിയിറക്കാൻ. പർവതങ്ങള്‍ക്കിടയിലുള്ള ഒരു ഒരു താഴ് വരയിലേക്ക് വേണം ഓടിച്ചിറങ്ങാൻ .അതിന് പ്രത്യേക കഴിവ് വേണം . പർവ്വത ശിഖരങ്ങള്‍ക്കു മുകളിലൂടെ കൃത്യമായ ആസൂത്രണത്തോടെ പറക്കുകയും പ്രവചനാതീതമായ കാറ്റിനെ നേരിടാൻ തയ്യാറായിരിക്കുകയും വേണം. വളരെ കൃത്യതയോടെ വേണം ഇവിടേക്ക് ലാൻഡിങ് നടത്താൻ. ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനങ്ങളുടെ അഭാവം ലാൻഡിങ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാക്കുന്നു. ഈ സാഹചര്യത്തിലാണ് ഭൂട്ടാനിലെ സിവില്‍ ഏവിയേഷൻ അതോറിറ്റി പാരോ എയർപോർട്ടില്‍ ഇറങ്ങാനുള്ള അനുമതി ചുരുക്കം ചില വിദഗ്ധരായ പൈലറ്റുമാർക്കു നല്‍കിയിരിക്കുന്നത്. ലോകമെമ്പാടും നിന്നുള്ള ഈ 24 പൈലറ്റുമാർ കഠിനമായ പരിശീലനത്തിന് വിധേയരായതിന് ശേഷമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
വിമാനത്താവളത്തിന്റെ സ്ഥാനവും റണ്‍വേ സവിശേഷതകളും ഉയർത്തുന്ന സവിശേഷമായ വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇവർ വൈദഗ്ധ്യം പ്രകടിപ്പിച്ചിരിക്കണം. സുരക്ഷിതമായ ലാൻഡിങുകളും ടേക്ക് ഓഫുകളും ഉറപ്പാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം പൈലറ്റുമാർക്കുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള സിമുലേറ്റഡ് ഫ്ലൈറ്റുകള്‍, സാങ്കേതിക കാര്യങ്ങള്‍, ഒന്നിലധികം മൂല്യനിർണയങ്ങള്‍ എന്നിവ ഈ പൈലറ്റുമാരുടെ പരിശീലനത്തില്‍ ഉള്‍പ്പെടുന്നു. വ്യോമയാന മികവിന്റെ ഒരു പ്രതീകം കൂടിയാണ് പാരോ വിമാനത്താവളം. വിനോദസഞ്ചാരവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമായി തുടരേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞവരാണ് ഭൂട്ടാൻ സർക്കാരും വ്യോമയാന അധികാരികളും. അതുകൊണ്ടു തന്നെ പാരോ താഴ്വരയിലെ അതിലോലമായ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ കൃത്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ പാരോയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ എണ്ണം നിയന്ത്രിച്ചിട്ടുണ്ട്.