പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ മേൽശാന്തി പിഎൻ മുരളി നമ്പൂതിരിയും ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. മേൽശാന്തി പിന്നീട് ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രിയും മേൽശാന്തിയും അയ്യപ്പ ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ഇന്ന് ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ ഭക്തർക്ക് ദർശനം നടത്താം. രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടച്ച ശേഷം ഇടവം ഒന്നായ ജൂലൈ 15ന് പുലർച്ചെ അഞ്ചു മണിക്ക് തുറക്കും. നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5:30 ന് മഹാഗണപതിഹോമം. തുടർന്ന് നെയ്യഭിഷേകം ആരംഭിക്കും.
7:30 ന് ഉഷപൂജ.12:30 ന് ഉച്ചപൂജ. മെയ് 15 മുതൽ 19 വരെയുള്ള അഞ്ച് ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദിവസവും ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കാണ് വീണ്ടും തുറക്കുക. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.