ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരന് ദാരുണാന്ത്യം. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യുഎന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് അനിലിന് ജീവൻ നഷ്ടപ്പെട്ടത്. റഫായില്‍ നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയിലേക്ക് സഞ്ചരിക്കുന്നതിന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ആദ്യമായാണ് ഒരു വിദേശി യുഎന്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. കാറില്‍ യുഎന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമിക്കുക ആയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വെള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യുഎന്‍ പതാക പതിപ്പിച്ചിരുന്നു.
Today a @UN vehicle was struck in Gaza, killing one of our colleagues & injuring another.
More than 190 UN staff have been killed in Gaza.
Humanitarian workers must be protected.
I condemn all attacks on UN personnel and reiterate my urgent appeal for an immediate humanitarian…— António Guterres (@antonioguterres) May 13, 2024
കഴിഞ്ഞ മാസമാണ് വൈഭവ് അനില്‍ കാലെ ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോര്‍ഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പ്രതികരിച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഗുട്ടറസ്, ആക്രമണത്തെ അപലപിച്ചു.
ഗാസയിൽ ഇന്ധനം, ഭക്ഷണം, ശുദ്ധജലം എന്നിവയുടെ രൂക്ഷമായ ക്ഷാമത്തിനിടയിൽ, ആക്രമണങ്ങൾ കൂടി കനത്തതോടെ പല സഹായവിതരണ ഏജൻസികളും അവരുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണ്. ഗാസയിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുഎൻ വാഹനം ആക്രമിക്കപ്പെട്ടതും സന്നദ്ധപ്രവർത്തകരുടെ സുരക്ഷാ സംബന്ധിച്ച ഭീതി വർധിപ്പിച്ചിട്ടുണ്ട്.