Celebrities

‘ഇതൊരു ഒന്നൊന്നര ഡബ്ബിങ് സിങ്കം തന്നെ’: വൈറലായി മഞ്ജു പിള്ളയുടെ ഡബ്ബിങ് വീഡിയോ

മഞ്ജു പിള്ളയ്ക്കു പിറന്നാള്‍ ആശംസകൾ നേർന്നുകൊണ്ട് ‘ഫാലിമി’ സിനിമയുടെ സംവിധായകനായ നിതീഷ് സഹദേവ് പങ്കുവച്ച വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഫാലിമിയുടെ ഡബ്ബിങ് വേളയിൽ പകർത്തിയ വിഡിയോ ആണിത്. കഥാപാത്രത്തിന്റെ വികാരങ്ങളത്രയും ഉൾകൊണ്ട് മനോഹരമായി ഡബ്ബ് ചെയ്യുന്ന മഞ്ജുവിനെയാണ് വിഡിയോയിൽ കാണുക.

‘‘ഡബ്ബിങ് സിങ്കം. ജന്മദിനാശംസകൾ ചേച്ചി. ഭയാനകം ബീഭത്സം കരുണം,’’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. ‘‘ഡാാാാാാാ ഡയറക്ടറെ’’, എന്നായിരുന്നു വിഡിയോയ്ക്കു മഞ്ജു പിള്ള നൽകിയ മറുപടി. നിരവധിപ്പേരാണ് മഞ്ജു പിള്ളയെ അഭിനന്ദിച്ചെത്തുന്നത്. ഡബ്ബിങ് ചെയ്യുമ്പോഴും അഭിനയിച്ചുകൊണ്ട് ആ രംഗത്തെ പെർഫക്ട് ആക്കുന്ന ചേച്ചിയുടെ കഴിവ് അപാരമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ബേസിൽ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഫാലിമി’. മഞ്ജു പിള്ള, ജഗദീഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.

‘സത്യവും മിഥ്യയും’ എന്ന സീരിയലിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്നീ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയാണ് മഞ്ജുവിനെ ഏറെ ജനപ്രിയയാക്കിയത്.

നിരവധി സിനിമകളിലും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണന്റെ ‘നാലു പെണ്ണുങ്ങൾ’ സിനിമയിൽ പ്രധാന വേഷം ചെയ്തു. കഴിഞ്ഞ വർഷമിറങ്ങിയ ഹോം എന്ന ചിത്രത്തിലെ കുട്ടിയമ്മയെന്ന കഥാപാത്രം മഞ്ജുവിന് ഏറെ നിരൂപക പ്രശംസ നേടി കൊടുത്തിരുന്നു.