ഒരു ദിവസമെങ്കില്‍ ഒരു ദിവസം KSRTCയില്‍ ജോലിക്കു കയറണമെന്ന വാശിയോടെയാണ് ഡ്രൈവര്‍ യദുവിന്റെ നിയമ പോരാട്ടം. യദുവിന്റെ തീരുമാനം നടപ്പാക്കാന്‍ പണം ചെലവഴിക്കാനും, ജോലി നല്‍കാനായി റോബിന്‍ ബസ് ഉടമയുമൊക്കെ മുന്നോട്ടു വന്ന സാഹചര്യത്തില്‍ മേയര്‍-യദു ചേരികള്‍ ശക്തമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഒരുരൂപ പോലും ചെലവാക്കാതെയാണ് യദുവിന്റെ കേസ് നടത്തിപ്പ്. അതേസമയം, മേയറെ സപ്പോര്‍ട്ടു ചെയ്യുന്നവരും യദുവിനെ സപ്പോര്‍ട്ട് ചെയ്യുന്നവരും വാദ പ്രതിവാദങ്ങള്‍ തുടരുമ്പോള്‍ KSRTCയിലെ ‘ചവിട്ടു’ നാടകത്തിന് ഇതുവരെ അവസാനമായിട്ടില്ല.
മേയറെ സംരക്ഷിക്കാനാണോ, അതോ യദുവിനെ ജോലിയില്‍ തിരികെ കയറ്റാനാണോ KSRTC ശ്രമിക്കുന്നതെന്ന് ചോദിച്ചാല്‍, കിട്ടുന്ന മറുപടി ‘ആ.. ആര്‍ക്കറിയാം’ എന്നാണ്. ഒരു കാര്യം ഉറപ്പാണ്. യദു എന്ന ഡ്രൈവര്‍ ഇനി KSRTC ബസ് ഓടിക്കില്ല. അതിനുള്ള വഴികളും തെളിവുകളുമെല്ലാം ശേഖരിക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. മേയര്‍-യദു വിഷയത്തില്‍ KSRTCയുടെയും വകുപ്പു മന്ത്രിയുടെയും നിലപാടുകള്‍ നേരത്തെ തന്നെ വ്യക്തമായിരുന്നു. യദു തെറ്റുകാരനല്ല.
അതുകൊണ്ട് ആ കേസിന്റെ പേരില്‍ നടപടി എടുക്കാനാവില്ല. ഡ്യൂട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തി എന്നേയുള്ളൂ. എന്നാല്‍, ജോലിയില്‍ നിന്നു തന്നെ ഒഴിവാക്കാനുള്ള തെളിവു കണ്ടെത്താന്‍ വേണ്ടിയാണ് ചലച്ചിത്ര നടി റോഷ്‌ന ആന്‍ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് KSRTC പരാതിയായി മാറ്റിയെടുത്തത്. റോഷ്‌നയ്ക്ക പരാതിയുണ്ടെന്നോ, നടപടി എടുക്കണമെന്നോ KSRTC അധികൃതരോട് ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല എന്നതും വസ്തുതയാണ്.
എന്നിട്ടും, ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ KSRTC വിജിലന്‍സ്, ഡ്രൈവര്‍ യദുവിന്റെയും, നടി റോഷ്‌നയുടെയും, കണ്ടക്ടര്‍ വള്ളിയപ്പ ഗണേശിന്റെയും മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. പരാതിയില്ലാത്ത ഒരു കേസില്‍ മൊഴിയെടുത്തത് യദുവിന്റെ കുരുക്കാന്‍ വേണ്ടിയാണെന്നാണ് ലഭിക്കുന്ന സൂചന. റോഷ്‌നയോട് അപമര്യാദയായി പെരുമാറിയ യദുവിനെതിരേ കണ്ടക്ടറുടെ മൊഴിയുണ്ട്. അന്നേ ദിവസം ഇങ്ങനൊരു സംഭവം നടന്നുവെന്നാണ് കണ്ടക്ടറുടെ മൊഴി.
റോഷേനയെ ഫോണിലും, കണ്ടക്ടറെയും യദുവിനെയും നേരിട്ടും വിളിച്ചാണ് മൊഴിയെടുത്തത്. തുടര്‍ന്ന് വിജിലന്‍സ്, എം.ഡിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യദുവിനെ KSRTC ഡ്രൈവര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ പോകുന്നതെന്നും സൂചനയുണ്ട്. മേയര്‍-യദു വിഷയത്തില്‍ KSRTCക്കും വകുപ്പു മന്ത്രിക്കും ഒരേ നിലപാടാണ്. ബസ് വഴിയില്‍ തടഞ്ഞ മേയര്‍ കുറ്റക്കാരിയാണെന്നു തന്നെയാണ് വിശ്വസിക്കുന്നതും.
എന്നാല്‍, സി.പി.എമ്മിനെ വെറുപ്പിക്കാനാവാത്തതു കൊണ്ട് മേയറെ കടന്നാക്രമിക്കാതെ, യദുവിനെ തത്ക്കാലം ജോലിക്കു വരണ്െന്നു മാത്രം പറഞ്ഞാണ് മന്ത്രിയും KSRTCയും തടിയൂരിയത്. എന്നാല്‍, യദു തെറ്റുകാരനല്ലെന്ന് ഒരു വശത്ത് പറയുകയും, മറു വശത്ത് ജോലിക്കു വരണ്ടെന്നു പറയുകയും ചെയ്യുന്ന KSRTCയുടെയും മന്ത്രിയുടെയും ഇരട്ടത്താപ്പ് തുറന്നു കാണിച്ചു കൊണ്ട് മുന്‍ ഡി.ജി.പിയും കെ.എസ്.ആര്‍.ടി.സി എം.ഡിയുമായിരുന്ന ടി.പി. സെന്‍കുമാര്‍ രംഗത്തെത്തിയിട്ടുണ്ട്.
യദുവിന്റെ ജോലി നഷ്ടപ്പെടുത്തിയതു വഴി ഒരു കുടുംബത്തെ പട്ടിണിയിടുകയാണ് KSRTC ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. (KSRTCയിലെ എല്ലാ ജീവനക്കാരും പട്ടിണിയിലും പരിവട്ടത്തിലുമാണെന്നതാണ് മറ്റൊരു സത്യം. ശമ്പളം ഇതുവരെ കൊടുത്തിട്ടില്ല.) ഒന്നുകില്‍ ഉചിതമായ തീരുമാനമെടുത്ത് യദുവിനെ ജോലിയില്‍ പ്രവേശിപ്പിക്കണം. അല്ലെങ്കില്‍, പിരിച്ചു വിടണം.
ഇതില്‍ ഏതെങ്കിലും ഒന്ന് ചെയ്യാതെ യദുവിനെ പുറത്തു നിര്‍ത്തരുതെന്നും സെന്‍കുമാര്‍ പറയുന്നു. പക്ഷെ, ഡ്രൈവര്‍ യദു ദിവസവേതനക്കാരന്‍ ആയതു കൊണ്ട് KSRTC സെയ്ഫ് സോണില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്. ആര്യാ രാജേന്ദ്രന്‍ മേയര്‍ ആയതുകൊണ്ട് കൗണ്‍സിലില്‍ പ്രമേയം പാസാക്കുകയും, പാര്‍ട്ടി സംരക്ഷണത്തിലുമാണ്. ജോലിയും പോയി കൂലിയും ഇല്ലാതെ യദു എന്ന ഡ്രൈവര്‍ ഇപ്പോള്‍ കേസിന്റെ വഴിയേ നടക്കുകയാണ്.