സമൂഹ മാധ്യമങ്ങളിലും അല്ലാതെയും നിരവധി ആരാധകരുള്ള താരമാണ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാർ. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണെങ്കിലും തന്റെ വ്യക്തിപരമായ വിശേഷങ്ങൾ അധികം പങ്കുവയ്ക്കുന്ന കൂട്ടത്തിലല്ല ജി വി. എന്നാൽ ജി വി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്.
പതിനൊന്ന് വർഷത്തെ തന്റെ വിവാഹ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് ജി വി അറിയിച്ചിരിക്കുന്നത്. ജി വിയുടെ ഭാര്യയും ഗായികയുമായ സൈന്ധവിയും ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
“പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്, ഞങ്ങൾ ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി, ഒരുപാട് നീണ്ട ആലോചനകൾക്കിപ്പുറം, 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസ്സിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ താഴ്മയായി അപേക്ഷിക്കുന്നു. വേർപിരിയുകയാണെന്ന് അംഗീകരിച്ചുകൊണ്ട്, ഇത് ഞങ്ങൾക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് വിശ്വസിക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി”- എന്നാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
2013 ലാണ് ഗായിക സൈന്ധവിയെ ജി വി ജീവിതസഖിയാക്കിയത്. ഇരുവരും സ്കൂൾ കാലത്തെ സഹപാഠികൾ കൂടിയാണ്. അൻവി എന്ന മകളും ഇവർക്കുണ്ട്. കഴിഞ്ഞ വർഷം, ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പത്താം വിവാഹ വാർഷിക ദിനത്തിൽ ജി വിയ്ക്കൊപ്പമുള്ള ചിത്രം സൈന്ധവി പങ്കുവച്ചിരുന്നു. “ഞങ്ങൾ വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടായി, പക്ഷേ ഇന്നലത്തെ പോലെ തോന്നുന്നു. എൻ്റെ ജീവിതത്തിലെ സ്നേഹത്തിന്, പത്താം വിവാഹ വാർഷിക ആശംസകൾ. നമ്മുടെ മകൾക്ക് ഏറ്റവും നല്ല സുഹൃത്തും മികച്ച ഭർത്താവും അവിശ്വസനീയമായ പിതാവും ആയതിന് നന്ദി, ഏറ്റവും നല്ലൊരു മനുഷ്യനായതിന്” എന്നാണ് പത്താം വിവാഹ വാർഷിക ദിനത്തിൽ സൈന്ധവി കുറിച്ചത്.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.