മലയാളത്തിന്റെ ആക്ഷൻ നായിക വാണി വിശ്വനാഥിന് പിറന്നാൾ ആശംസകളുമായി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ തനിക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് വാണി വിശ്വനാഥുമായുള്ള സൗഹൃദമെന്ന് സുരഭി പറയുന്നു.
‘‘കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് അൻ പത് പിറന്നാളുമ്മകൾ. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി. വാണിചേച്ചിയുടെ കൂടെ ‘റൈഫിൾ ക്ലബ്ബി’ൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.’’–സുരഭി ലക്ഷ്മിയുടെ വാക്കുകൾ.
വാണി അവതരിപ്പിച്ച പൊലീസ് വേഷങ്ങൾക്കൊക്കെ ഇന്നും ആരാധകരേറെയുമാണ്. മലയാളം, തമിഴ് സിനിമ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശേഷമായിരുന്നു താരം സിനിമ ജീവിതത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്തത്. നടൻ ബാബു രാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്നെല്ലാം മാറി ഫുൾ ടൈം കുടുംബിനിയായി മാറി പ്രേക്ഷകരുടെ പ്രിയ താരം. എന്നാൽ താൻ എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ ഇടയ്ക്ക് ചില സിനിമകളിൽ വാണി അഭിനയിക്കുകയും ചെയ്തു.
View this post on Instagram
കഴിഞ്ഞ ദിവസമായിരുന്നു വാണിയുടെ 53-ാം പിറന്നാൾ. നിരവധി പേരാണ് സുരഭിയുടെ പോസ്റ്റിന് താഴെ വാണിയ്ക്ക് ആശംസകളുമായെത്തിയിരിക്കുന്നത്. ദിവ്യ പ്രഭ, രചന നാരായണൻകുട്ടി, സോന നായർ, രഞ്ജിനി ജോസ് തുടങ്ങി നിരവധി താരങ്ങളും വാണിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് വാണി വിശ്വനാഥ്. ‘ആസാദി’ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലെത്തിയ വാണി വിശ്വനാഥ്, റൈഫിൾ ക്ലബ് എന്ന സിനിമയിലും അഭിനയിച്ചു. ആഷിഖ് അബുവാണ് റൈഫിൾ ക്ലബ് സംവിധാനം ചെയ്യുന്നത്.