India

ഒറ്റയാന്‍, ധ്രുവ്‌ റാഠി: ആയുധം, സോഷ്യല്‍ മീഡിയ; ശത്രു, ഹിന്ദു വര്‍ഗീയത

എങ്ങനെ നോക്കിയാലും നരേന്ദ്രകമോദിയെയും ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും ഭയലേശമന്യേ നഖശിഖാന്തം എതിര്‍ക്കുന്ന യൂ ട്യൂബര്‍മാരില്‍ മുമ്പിലാണ് ധ്രുവ്‌റാഠി. ലോക്‌സഭാ തെരഞ്ഞെടുപ്പു സമയംകൂടി ആയതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടിക്കും ധ്രുവ്‌റാഠി വലിയ തലവേദനയാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.

റാഠിയെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധനയുണ്ടാകുന്നതും ബി.ജെ.പിയെ ഭയയപ്പെടുത്തുന്നു. ഇന്ത്യാകെ തംരഗമായി മാറിയിരിക്കുകയാണ് ധ്രുവ്‌റാഠി എന്ന യൂ ട്യൂബര്‍. ആരും പറയാത്ത കാര്യങ്ങളും വിശകലനങ്ങളുമൊക്കെയാണ് റാഠിയുടെ ചാനലില്‍ ഉള്ളത്. നരേന്ദ്രമോദിയുടെ പൊള്ളത്തരങ്ങള്‍ പച്ചയ്ക്ക് വിളിച്ചു പറയുകയും ചര്‍ച്ചയ്ക്കു വെയ്ക്കുകയും ചെയ്യുന്ന റാഠി ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിന്റെ നോട്ടപ്പുള്ളി കൂടിയാണ്.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ധ്രുവ് റാഠി രാജ്യത്തെ പ്രതിപക്ഷ ശബ്ദമായി മാറിയിട്ടുണ്ട്. ശരിക്കുള്ള പ്രതിപക്ഷം പറാത്ത കാര്യങ്ങളെല്ലാം റാഠിയുടെ വാക്കുകളിലൂടെ ജനമറിയുന്നു. അതുകൊണ്ടു തന്നെ ഇത്തരം വീഡിയോകള്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനെന്ന നിലയില്‍ ബിജെപി ഐടി സെല്ലിന്റെ കണ്ണിലെ കരട് കൂടിയാണ് ധ്രുവ് റാഠി. എന്നാല്‍, റാഠിയുടെ വീഡിയോകള്‍ നിരോധിക്കാനോ, റാഠിയെ നിയമപരമായി തകര്‍ക്കാനോ ഉള്ള നടപടികള്‍ ഒന്നും സര്‍ക്കാര്‍ എടുക്കുന്നില്ല. ഇത് റാഠിയിലെ വിശ്വാസത്തെ വളര്‍ത്തിയിട്ടുണ്ട്. ഓരോ വീഡിയോയും ചെയ്യുമ്പോള്‍ നരേന്ദ്രമോദിയുടെ ഹിന്ദുത്വ അജണ്ട വെളിവാക്കുന്ന തരത്തിലാണ് ചെയ്യുന്നത്.

റാഠിയുടെ ഏറ്റവും പുതിയ വിഡിയോ ആയ ‘മോദി, ദി റിയല്‍ സ്റ്റോറി’ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. 21 മണിക്കൂറിനകം കണ്ടത് 89 ലക്ഷം പേരാണ്. കഴിഞ്ഞ മാസം മാത്രം 25 ലക്ഷത്തിലേറെ പുതിയ വരിക്കാരാണ് ധ്രുവ് റാഠിയുടെ യുട്യൂബ് ചാനലിലെത്തിയത്. അതായത്, ഒരു ദിവസം വരുന്ന വരിക്കാരുടെ എണ്ണം മുക്കാല്‍ ലക്ഷത്തോളമെന്ന് സാരം. ധ്രുവ് റാഠി, ധ്രുവ് റാഠി വ്ളോഗ്‌സ്, ധ്രുവ് റാഠി ഷോര്‍ട്‌സ് എന്നീ 3 ചാനലുകളിലായി ആകെ 2.56 കോടി വരിക്കാരാണുള്ളത്.

ആകെ കാഴ്ചക്കാര്‍ 326 കോടിയിലേറെ വരും. ഇതില്‍ രാഷ്ട്രീയ വിശകലനത്തിന് മാത്രമായുള്ള ധ്രുവ് റാഠി എന്ന ഹിന്ദി ചാനലിലാണ് ഏറ്റവും കൂടുതല്‍ വരിക്കാര്‍ -1.9 കോടി. രാഷ്ട്രീയം എന്നാല്‍, ഹിന്ദുത്വ വര്‍ഗീയ വാദികളെ പൊളിച്ചടുക്കാന്‍ വേണ്ടി മാത്രമുള്ള ചാനല്‍. ഹരിയാന സ്വദേശിയായ ധ്രുവ് റാഠിയും ഭാര്യയും ജര്‍മനിയിലാണ് താമസം. 2014 ലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെങ്കിലും 2016 സെപ്റ്റംബറിലാണ് ബി.ജെ.പി ഐടി സെല്ലിനെ കടന്നാക്രമിച്ചു കൊണ്ട് ധ്രുവിന്റെ ആദ്യ രാഷ്ട്രീയ വിഡിയോ അപ് ലോഡ് ചെയ്യുന്നത്.

ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വിഡിയോ ഒരു മാസം മുന്‍പ് കെജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ‘ഡിക്ടേറ്റര്‍ഷിപ്പ് കണ്‍ഫേംഡ്’ എന്ന വിഡിയോ ആണ്. 3.3 കോടി ആലുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ധ്രുവ് റാഠിയും ഭാര്യയെയും സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു. ധ്രുവിന്റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറി എന്നാണെന്നും ഭാര്യ ജര്‍മന്‍ സ്വദേശിയായ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണെന്നും ആയിരുന്നു പ്രചാരണം.

ഇവര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്നും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവില്‍ പാക് സൈന്യത്തിന്റെ സംരക്ഷണയിലാണെന്നും സന്ദേശങ്ങള്‍ പരക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളൊന്നും വിലപ്പോയില്ല. താന്‍ ചെയ്യുന്ന വിഡിയോയ്ക്ക് മറുപടിയില്ലാത്തതിനാല്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു ധ്രുവ് റാഠി പ്രതികരിച്ചത്.

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ അഴിച്ചുവിടുന്നതല്ലാതെ, ധ്രുവ് റാഠിയുടെ വീഡിയോകളില്‍ പറഞ്ഞിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ ബി.ജെ.പിക്കോ ആര്‍.എസ്.എസ്സിനോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇതു തന്നെയാണ് ധ്രുവ് റാഠിയുടെ കാഴ്ചക്കാര്‍ക്കും പ്രചോദനം.