നോണ്‍വെജ് വിഭവങ്ങളിലെ ചെട്ടിനാട് സ്വാദ് വളരെ പ്രസിദ്ധമാണ്. ഇത് ചിക്കനായാലും മട്ടനായാലും. ചിക്കനില്‍ കുരുമുളകിന്റെ രുചി കലര്‍ന്നാല്‍ അതിന് സ്വാദേറും. കുരുമുളകു രുചി ചിക്കനില്‍ കലര്‍ത്തി പാചകം ചെയ്യുന്ന കാരൈക്കുടി ചിക്കന്‍ ഇതുകൊണ്ടുതന്നെയാണ് വ്യത്യസ്തമാകുന്നത്. ചെട്ടിനാട് വിഭവമായ കാരൈക്കുടി ചിക്കന്‍ റെസിപ്പി നോക്കിയാലോ?,
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-അരക്കിലോ
- സവാള-1
- തക്കാളി-1
- വെളുത്തുള്ളി-5
- തേങ്ങ-1 ടേബിള്‍ സ്പൂണ്‍
- കടുക്-അര ടീസ്പൂണ്‍
- പെരുഞ്ചീരകം-അര ടീസ്പൂണ്‍
- ഉപ്പ്
- ചിക്കനില്‍ പുരട്ടാന്‍
- മുളകുപൊടി-അര ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
- തൈര്-അരക്കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- അരയ്ക്കാന്‍
- ഇഞ്ചി-ഒരു കഷ്ണം
- വെളുത്തുള്ളി-7
- സവാള-3
- പച്ചമുളക്-3
- കുരുമുളക്-10
- മുഴുവന്‍ മല്ലി-ഒരു ടേബിള്‍സ്പൂണ്‍
തയ്യറാക്കുന്ന വിധം
ചിക്കന്‍ കഷ്ണങ്ങള്‍ നല്ലപോലെ കഴുകുക. ഇതില്‍ പുരട്ടാനുള്ള ചേരുവകള്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അരയ്ക്കാനുള്ളവ അല്‍പം വെള്ളം ചേര്‍ത്ത് മയത്തില്‍ അരച്ചെടുക്കുക. തേങ്ങ ചിരകിയത്, കടുക്,പെരുഞ്ചീരകം എന്നിവയും അരയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. പിന്നീട് വെള്ളം ചേര്‍ത്ത് അരച്ചു വച്ചിരിയ്ക്കുന്ന മസാലക്കൂട്ട് ചേര്‍ത്തിളക്കണം. പിന്നീട് തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കി നല്ലപോലെ വഴറ്റുക.
മുകളിലെ കൂട്ടിലേക്ക് മസാല പുരട്ടി വച്ചിരിയ്ക്കുന്ന ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തിളക്കണം. പിന്നീട് അരച്ചു വച്ചിരിയ്ക്കുന്ന തേങ്ങാക്കൂട്ടും കറിവേപ്പിലയും ചേര്‍ത്തിളക്കുക. പാത്രം അടച്ചു വച്ച് വേവിയ്ക്കുക. ചിക്കന്‍ വെന്ത് വെള്ളം വറ്റി മസാലപ്പരുവമാകുമ്പോള്‍ വാങ്ങി വയ്ക്കാം. സ്വാദേറിയ കാരൈക്കുടി ചിക്കന്‍ തയ്യാര്‍. ചോറിനൊപ്പവും ചപ്പാത്തി. പൊറോട്ടയ്‌ക്കൊപ്പവും ഉഗ്രന്‍.