സാധാരണ രുചികളില്‍ ചിക്കനുണ്ടാക്കി മടുത്തുവെങ്കില്‍ കടുകിന്റെ രുചിയുള്ള ചിക്കനുണ്ടാക്കിയാലോ. മസ്റ്റാര്‍ഡ് ചിക്കന്‍ കറിയെന്നറിയപ്പെടുന്ന ഈ വിഭവം ബംഗാളി രുചിയാണ്. രുചിയേറുന്ന ഈ വിഭവമുണ്ടാക്കാന്‍ കാര്യമായ ബുദ്ധിമുട്ടുമില്ല. ബംഗാളി ചിക്കന്‍ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കന്‍-1 കിലോ
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
- സവാള പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
- തൈര്-അരക്കപ്പ്
- ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
- മുളകുപൊടി-1 ടീസ്പൂണ്‍
- പച്ചമുളക്-4
- കടുകെണ്ണ
- വെളുത്ത കടുക്-4 ടീസ്പൂണ്‍
- ഉപ്പ്
ഗ്രേവിയുണ്ടാക്കാന്‍
- കടുകെണ്ണ-4 ടീസ്പൂണ്‍
- പഞ്ചസാര-1 ടീസ്പൂണ്‍
- സവാള-3
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
- മുളകപൊടി-1 ടീസ്പൂണ്‍
- വെളുത്ത കടുകരച്ചത്-2 ടീസ്പൂണ്‍
- ഉപ്പ്
- ചൂടുവെള്ളം-3 കപ്പ്
തയ്യറാക്കുന്ന വിധം
മുഴുവനെയുള്ള കടുക് പച്ചമുളകും അല്‍പം വെള്ളവും ചേര്‍ത്തരയ്ക്കുക. ചിക്കന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് പകുതി കടുക്-പച്ചമുളകു മിശ്രിതവും ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്തു പുരട്ടി വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ കടുകെണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഇത് ഉരുകിക്കഴിയുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ത്തിളക്കണം. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം.
ഈ മിശ്രിതം നല്ലപോലെ ഇളക്കിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, കടുകു പച്ചമുളകു മിശ്രിതം, ഉപ്പ് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്കു ചൂടുവെള്ളമൊഴിച്ച് പാത്രമടച്ചു വച്ചു വേവിയ്ക്കുക. ചിക്കന്‍ വെന്ത് ഗ്രേവി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.