ആരോഗ്യത്തിന് വറുത്ത മീനേക്കാള്‍ നല്ലത് മീന്‍ കറി വയ്ക്കുന്നതാണ്. വറുത്തരച്ച് നല്ല നാടന്‍ രീതിയില്‍ മീന്‍ കറി വച്ചാലോ. നെയ്മീന്‍, മത്തി, അയില തുടങ്ങിയ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ നല്ലത്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- മീന്‍-അരക്കിലോ
- നാളികേരം-കാല്‍കപ്പ്
- തക്കാളി-1
- ചെറിയ ഉള്ളി-4
- വെളുത്തുള്ളി-2
- ഇഞ്ചി-1 കഷ്ണം
- പച്ചമുളക്-2
- ചുവന്ന മുളക്-3
- മുളകുപൊടി-1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
- ഉപ്പ്
- വെളിച്ചെണ്ണ
- കറിവേപ്പില
- പുളി
തയ്യറാക്കുന്ന വിധം
മീന്‍ ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കി വയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടുക. ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ അരിഞ്ഞിടണം. കറിവേപ്പിലയും ചേര്‍ക്കുക. അല്‍പം വെളിച്ചെണ്ണ ഒഴിച്ച് ഇതെല്ലാം നല്ലപോലെ കൂട്ടിക്കലര്‍ത്തി 1 മണിക്കൂര്‍ നേരം വയ്ക്കണം. പുളി ഇളംചൂടുവെള്ളത്തിലിട്ടു വച്ച് പിഴിഞ്ഞെടുക്കണം. ഈ വെള്ളം മീന്‍കൂട്ടിലേക്ക ഒഴിച്ച് അടുപ്പില്‍ വച്ചു തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ തിളപ്പിക്കണം. തക്കാളിക്കഷ്ണങ്ങളും ഇടാം.
ഒരു ചീനച്ചട്ടി ചൂടാക്കി നാളികേരം വറുക്കുക. ചുവക്കനെ വറുക്കണം. ഇതില്‍ രണ്ട് ചെറിയുള്ളി, കറിവേപ്പില, ചുവന്ന മുളക്, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി പാകത്തിന് വറുത്തെടുക്കുക. ഇത് ചൂടാറുമ്പോള്‍ മയത്തില്‍ മിക്‌സിയിലിട്ട് അരച്ചെടുക്കണം.
മീന്‍ ഒരുവിധം തിളച്ചു വരുമ്പോള്‍ ഈ കൂട്ട് ഇതിലേക്കു ചേര്‍ക്കുക. തീ കുറച്ചു വച്ച് വേവിയ്ക്കണം. അല്‍പം കറിവേപ്പിലയും ചേര്‍ക്കാം. മീന്‍ വെന്ത് ചാറ് ഒരുവിധം കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതിലേക്ക് കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിയ്ക്കാം. വേണമെങ്കില്‍ ചെറിയ ഉള്ളി അരിഞ്ഞത് വെളിച്ചെണ്ണയില്‍ മൂപ്പിച്ചൊഴിക്കാം. നല്ല കുത്തരിച്ചോറിനൊപ്പം ഈ നാടന്‍ മീന്‍കറി രുചിച്ചു നോക്കൂ.
പുളിക്കു പകരം കുടംപുളിയിട്ടും ഈ കറിയുണ്ടാക്കാം. കറി മണ്‍ചട്ടിയില്‍ വച്ചാല്‍ കൂടുതല്‍ രുചിയുണ്ടാകും. തണുത്ത ശേഷം മീന്‍കറി കഴിയ്ക്കുന്നതാണ് കൂടുതല്‍ രുചി നല്‍കുക.