സംസ്ഥാനത്ത് ജോലി ഇല്ലാത്ത അഭ്യസ്ത വിദ്യരായവരുടെ ജീവനും ജീവിതത്തിനുമിടയില്‍ സര്‍ക്കാര്‍ നടത്തുന്ന ട്രിപ്പീസു കളിയാണ് പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ്. ഈ കളിയില്‍ സര്‍ക്കാര്‍ ജയിക്കുമെന്നത്, മൂഢ വിശ്വാസമാണ്. പുതിയ കാലത്തിന്റെ സാധ്യതകളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ എത്തിക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കങ്ങളൊന്നുമല്ല സര്‍ക്കാര്‍ നടത്തുന്നത്.
സെക്രട്ടേറിയറ്റിനു മുന്‍ വശത്ത് ഒരേക്കല്‍ സ്ഥലം കൂടി കണ്ടെത്തിയിടുകയാണെങ്കില്‍ റാങ്കുലിസ്റ്റില്‍ പേരുണ്ടായിട്ടും ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് സമരം ചെയ്യാന്‍ കഴിയും. നിലവില്‍ ഫുട് പാത്തുകള്‍ നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. സിവില്‍ പോലീസ് ഓഫീസര്‍, ലാസ്റ്റ്‌ഗ്രേഡ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നു തുടങ്ങി കേരളത്തിലെ സകലമാന വകുപ്പുകളിലെയും ജോലികള്‍ക്കായി എത്രയോ പരീക്ഷകള്‍ കുത്തിയിരുന്നെഴുതിയവരാണ് നടു റോഡില്‍ ഇരിക്കുന്നത്.
ഇതൊക്കെ കാണാതെ പോകുന്ന സര്‍ക്കാര്‍ മൂഢസ്വര്‍ഗത്തില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാണ്. കാല്‍ കോടിയോളം യുവാക്കളാണ് കേരള പി.എസ്.സിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന കണക്കുകള്‍ മനസ്സിലാക്കുമ്പോഴാണ് സര്‍ക്കാരിന്റെ കണ്ണില്‍ച്ചോരയില്ലാത്ത നടപടിയെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്. ലക്ഷക്കണക്കിന് വരുന്ന ഈ യുവാക്കളുടെ പ്രതീക്ഷയാണ് കേരള സര്‍ക്കാരിന് കീഴില്‍ പ്രതിവര്‍ഷം വിരമിക്കലിലൂടെ വരുന്ന 20,000-25,000 ഒഴിവുകള്‍ എന്നത്.
യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് പെന്‍ഷന്‍ പ്രായ വര്‍ദ്ധനവ് എന്ന കൊടും ക്രൂരത നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിതനിയമനം വഴി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വകുപ്പുകളിലെ ഉയര്‍ന്ന പദവികള്‍ ലഭിക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ സ്ഥാനക്കയറ്റത്തിന്റെ ഘടന. എന്നാല്‍, പി.എസ്.സി നിയമനം വഴി ജോലിയില്‍ കയറുന്നവര്‍ സ്ഥാനക്കറ്റങ്ങളില്‍ പിന്നിലാവുകയും ചെയ്യുന്നു. ജീവനക്കാരുടെ മനോവീര്യം കെടാതെ സൂക്ഷിക്കാന്‍ ഉപകരിക്കുന്നതാണ് കാലകാലങ്ങളില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങള്‍.
മനുഷ്യന്റെ സ്വാഭാവികമായ ആവശ്യങ്ങളെ കുറിച്ച് പഠിച്ച എബ്രഹാം മസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണി സിദ്ധാന്തങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒന്നാണ് ആത്മാഭിമാനം. പദവികള്‍, അംഗീകാരം, ബഹുമാനം തുടങ്ങിയവ മനുഷ്യന്റെ ആത്മാഭിനത്തെ ഉയര്‍ത്തും. കാലകാലങ്ങളില്‍ ലഭിക്കുന്ന സ്ഥാനക്കയറ്റങ്ങള്‍ ജീവനക്കാരന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുകയും അവരെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നതുമാണെന്നും എബ്രഹാം മുസ്ലോയുടെ പഠഛനത്തില്‍ പറയുന്നുണ്ട്.
പെന്‍ഷന്‍ പ്രായവര്‍ധന പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ന്യായമായി കിട്ടേണ്ടുന്ന സ്ഥാനക്കയറ്റങ്ങളെ നിഷേധിക്കപ്പെടുന്നതായി മാറുന്നു. അതേസമയം, വിദ്യാസമ്പന്നരായ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളില്‍ ജാഞാനമുള്ള, എഞ്ചിനിയറിംഗ് പശ്ചാതലത്തില്‍ നിന്നടക്കമുള്ള സാങ്കേതിക പരിജ്ഞാനമുള്ള പതിനായിരക്കണക്കിന് യുവാക്കളാണ് അടുത്ത കാലങ്ങളിലായി സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കടന്നു വരുന്നത്.
സര്‍ക്കാര്‍ സര്‍വ്വീസിന്റെ മുഖം തന്നെ മാറ്റാനുതകുന്ന ഇ-ഗവേണന്‍സ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരത്തിന് ചാലക ശക്തിയാകാന്‍ കെല്‍പ്പുള്ള വലിയ ഗ്രൂപ്പാണ് ഇതുവഴി സര്‍വ്വീസില്‍ എത്തുന്നത്. എന്നാല്‍ പെന്‍ഷന്‍ പ്രായവര്‍ധന വഴി പുതുതലമുറക്ക് അവസരം നിഷേധിച്ച്, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സങ്കേതങ്ങളില്‍ ഒട്ടും ഗ്രാഹ്യമില്ലാത്ത, ഉല്‍പാദന ക്ഷമതയില്ലാത്ത വര്‍ക്ക് ഫോഴ്‌സിനെ വീണ്ടും നിലനിര്‍ത്തുന്നത് സര്‍ക്കാര്‍ സര്‍വ്വീസിനെ വെന്റിലേറ്ററില്‍ കയറ്റുന്നതിന് തുല്യമാണ്.
സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ സര്‍വ്വീസ് നവീകരണത്തെ മുരടിപ്പിക്കുകയും ചെയ്യും. ഏത് രംഗത്തേയും പോലെ സര്‍ക്കാര്‍ സര്‍വ്വീസിലും സ്വഭാവികമായി നടക്കേണ്ടുന്ന പ്രക്രിയയാണ് തലമുറമാറ്റം. മാറ്റങ്ങളോട് വിമുഖതയുള്ള, മുന്‍കൈ എടുക്കാന്‍ മടിയുള്ള, വാര്‍ദ്ധക്യം ബാധിച്ച വര്‍ക്ക് ഫോഴ്‌സിനെ ആധുനിക സങ്കേതങ്ങള്‍ പരിശീലിപ്പിച്ചെടുക്കുന്നതിലും എളുപ്പം മാറ്റങ്ങളോട് എളുപ്പം താദാത്മ്യം പ്രാപിക്കുന്ന ആധുനിക സങ്കേതങ്ങളില്‍ പരിശീലനം സിദ്ധിച്ച യുവാക്കളിലൂടെ സര്‍ക്കാര്‍ സേവനത്തിന്റെ മുഖച്ഛായ മാറ്റുന്നതാണ്.
അതിന് എളുപ്പത്തിലുള്ള തലമുറമാറ്റം അനിവാര്യമാണ്. അതിനെ തുരങ്കംവെച്ച് പെരുന്തച്ചന്‍മാരെ സൃഷ്ടിക്കുന്നതാണ് പെന്‍ഷന്‍ പ്രായവര്‍ധന. ഇത് സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കുന്ന ഒന്നല്ല. പകരം സാമ്പത്തിക ബാധ്യതയെ ഭാവിയിലേക്ക് മാറ്റിവെച്ച് ഇരട്ടിപ്പിക്കുന്നതാണ്.