കുവൈത്ത് സിറ്റി: വിവിധ നിയമം ലംഘനങ്ങൾ ചെയ്തതിന് കുവൈത്തിൽ കഴിഞ്ഞാഴ്ച്ച പിഴ ലഭിച്ചത് 25,850 പേർക്ക്. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നൽകിയ സ്ഥിതിവിവരക്കണക്കുകളുടെ പകർപ്പുമായി അൽ അൻബ ദിനപത്രമാണ് പിഴ വിവരം റിപ്പോർട്ട് ചെയ്തത്.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 34 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്യുകയും ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് 25 പേരെ കസ്റ്റഡിയിലെടുത്തു. ടിന്റ് ചെയ്ത വിൻഡോകൾ, സുരക്ഷാ ചട്ടങ്ങൾ പാലിക്കാതിരിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് 64 വാഹനങ്ങളും 34 സൈക്കിളുകളും കണ്ടുകെട്ടി.
കൂടാതെ, വിശ്വാസവഞ്ചനയടക്കമുള്ള കേസുകളിലായി 46 വാഹനങ്ങളും കണ്ടുകെട്ടി. വിധിപ്രകാരമുള്ള ജയിൽ ശിക്ഷ അനുഭവിക്കാത്തതിന് ഒമ്പത് പേരെയും ഒളിവിൽ പോയതിന് മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിനും വാഹനമോടിച്ചതിനും മൂന്ന് പേരെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റിന് റഫർ ചെയ്തു.