തിരുവനന്തപുരത്ത് ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കുന്നതുമായി ഉണ്ടായ വിവാദങ്ങളില്‍ നിന്നും തലയൂരികൊണ്ട് കൊച്ചി മെട്രോയുടെ വിശദീകരണ കുറിപ്പ്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയെക്കുറിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഒരു പഠനവും നടത്തിയിട്ടില്ല. തിരുവനന്തപുരത്ത് ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാന്‍ കെ.എം.ആര്‍.എല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ലൈറ്റ് ട്രാം പദ്ധതി നിലിവില്‍ ആലോചന ഘട്ടത്തില്‍ മാത്രമാണ്. എറണാകുളം എംജി റോഡില്‍ നിന്ന് മറൈന്‍ ഡ്രൈവ് വഴി തേവരയിലേക്കുള്ള ഒരു ലൈറ്റ് ട്രാം ലൈന്‍ നിര്‍മ്മിക്കാന്‍ സാധ്യതാ പഠനം നടത്തി. ഒരു നഗരത്തില്‍ ലൈറ്റ് ട്രാം ഉള്‍പ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് പ്രൊഫണല്‍ ഏജന്‍സികളുടെ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യകതയാണ്. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബഹുജന ഗതാഗത സംവിധാനങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളാണെന്നും കെ.എം.ആര്‍.എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതോടെ ലൈറ്റ് ട്രാമുമായി ഉണ്ടായ വിവാദം അവസാനിച്ചെന്നു കെ.എം.ആര്‍.എല്‍ പറയുന്നുണ്ടെങ്കിലും ഇത്തരം ഒരു പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുജനങ്ങള്‍ക്കിടയില്‍ കൊണ്ടു വരാന്‍ കെ.എം.ആര്‍.എല്ലിനു സാധിച്ചിട്ടുണ്ട്. ലൈറ്റ് ട്രാമുമായി ബന്ധപ്പെട്ട് ആദ്യം വാര്‍ത്ത നല്‍കിയ മാധ്യമത്തിന് പറ്റിയ പിശാകാണെന്ന തരത്തിലുള്ള വ്യാഖ്യാനം നടക്കുന്നുണ്ട്. മെട്രോ റെയിലിനു പുറമെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പൊതുഗതാഗത സംവിധാനമായിട്ടാണ് ലൈറ്റ് ട്രാമിനെ കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്തത്.
തലസ്ഥാന നഗരത്തില്‍ മെട്രോ റെയില്‍ പദ്ധതി ഉപേക്ഷിച്ച് ലൈറ്റ് ട്രാം പദ്ധതി വരുമെന്ന് വാര്‍ത്തകള്‍ വന്നതോടെ നിരവധി കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു. ശശി തരൂര്‍ എംപിയടക്കമുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ ഇടപ്പെട്ടതോടെ ലൈറ്റ് ട്രാം പദ്ധതി വിവാദമാവുകയായിരുന്നു.
തിരുവനന്തപുരത്ത് ഏറെ കൊട്ടിഘോഷിക്കപ്പെട്ട മെട്രോ റെയില്‍ പദ്ധതി ഉപേക്ഷിച്ച് പകരം ‘ലൈറ്റ് ട്രാം മെട്രോ’ എന്ന ഓപ്ഷന്‍ കൊണ്ടുവരുന്ന കാര്യം കെ.എം.ആര്‍.എല്‍ പരിഗണിച്ചേക്കുമെന്ന് സൂചിപ്പിക്കുന്ന പത്രവാര്‍ത്തകളില്‍ ആശങ്കയുണ്ടെന്ന ശശി തരൂര്‍ അഭിപ്രായപ്പെട്ടു. എന്താണ് അതിനര്‍ത്ഥം? ആരെയാണ് ഇക്കാര്യത്തില്‍ കണ്‍സള്‍ട്ട് ചെയ്തത്? ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഇത്തരമൊരു മാറ്റം എങ്ങനെ ആലോചിക്കാനാകും? നഗരത്തിലെ നിവാസികള്‍ എല്ലാവരെയും ഇത് ബാധിക്കും എന്നതിനാല്‍ തന്നെ അവര്‍ക്ക് അറിയാനുള്ള എല്ലാ അവകാശവുമുണ്ട്. ബഹു: മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉടന്‍ വിശദീകരണം നല്‍കേണ്ടതുണ്ടന്ന് ശശി തരൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
തലസ്ഥാനത്തെ മെട്രോ പദ്ധതി അട്ടിമറിക്കാനാണ് കെ.എം.ആര്‍.എല്‍ ശ്രമിക്കുന്നതെന്ന് തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്എന്‍ രഘുചന്ദ്രന്‍ നായര്‍ പ്രസ്താവനയില്‍ ആരോപിച്ചു. നമ്മുടെ നഗരം കാര്യക്ഷമവും സുസ്ഥിരവുമായ ഒരു ഗതാഗത സംവിധാനത്തിന് അര്‍ഹമാണ്, മാത്രമല്ല അതിന്റെ അതുല്യമായ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും കൂടി യോജിപ്പിച്ചിരിക്കുന്നു. അത്തരം നിര്‍ണായക പദ്ധതികളെ സംബന്ധിച്ച ഏത് തീരുമാനവും സുതാര്യമായും പങ്കാളികളുടെ സജീവമായ ഇടപെടലോടെയും എടുക്കണമെന്നും രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു. തിരുവനന്തപുരത്ത നിന്നുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ വന്നതോടെയാണ് കെ.എം.ആര്‍.എല്‍ പത്രക്കുറിപ്പ് ഇറക്കിയത്.