തിരുവനന്തപുരം ∙ ‘കടുത്ത ചൂട് കേരളത്തിന് ഏൽപിച്ച ആഘാതം’ എന്ന വിഷയത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാധ്യമപ്രവർത്തകർക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അസർ (ASAR) എന്ന സംഘടനയുമായി സഹകരിച്ച് 17ന് വെള്ളിയാഴ്ച രാവിലെ 9.30ന് ഹോട്ടൽ മാസ്ക്കറ്റിലാണ് ഉച്ചയ്ക്കു 2 മണി വരെ നീളുന്ന ശിൽപശാല.
കാലാവസ്ഥ വകുപ്പ് സീനിയർ സയന്റിസ്റ്റ് ഡോ.വി.കെ.മിനി, സംസ്ഥാന ദുരന്തനിവാരണ വകുപ്പിലെ ഹസാഡ് അനലസിറ്റ് ഫഹദ് മസ്‌റൂഖ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ ഡോ.എസ്.അഭിലാഷ്, നാഷനൽ പ്രോഗ്രാം ഓൺ ക്ലൈമറ്റ് ചേഞ്ച് ആൻഡ് ഹ്യുമൻ ഹെൽത്തിലെ ഡോ.എം.എസ്.മനു, ദേശീയ ഗവേഷണ വികസന കോർപറേഷൻ (എൻആർഡിസി) കൺസൽറ്റന്റ് ഡോ. അഭിയന്ദ് തിവാരി തുടങ്ങിയ വിദഗ്ധർ പങ്കെടുക്കും.
താപനില വ്യതിയാനം പ്രവചിക്കുന്നതിലെ വെല്ലുവിളികൾ, ദുരന്തങ്ങളെ നേരിടാനുള്ള കേരളത്തിന്റെ തയാറെടുപ്പ്, കേരളത്തിലെ കടുത്ത ചൂടും അതിന്റെ കാരണങ്ങളും, ചൂട് ആരോഗ്യമേഖലയിൽ സൃഷ്ടിക്കുന്ന ആഘാതം, കേരളത്തിലെ കടുത്ത ചൂടിനെ നേരിടുന്നത് എങ്ങനെ തുടങ്ങിയ വിഷയങ്ങളിൽ ശിൽപശാലയിൽ അവതരണങ്ങൾ ഉണ്ടാകും.