തിരുവനന്തപുരം: പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക.
ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ ഈ ഉറപ്പിൽ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
ഡ്രൈവിങ് സ്‌കൂളുകാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവർ നിർദ്ദേശിക്കുന്ന പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തും. ഡ്രൈവിങ് ടെസ്റ്റിൽ നടത്തിയ പരിഷ്‌കരണങ്ങളാണ് സമരത്തിന് വഴിയൊരുക്കിയത്. 12 ദിവസത്തോളം നീണ്ടുനിന്ന സമരത്തെ തുടർന്ന് ടെസ്റ്റുകൾ മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു.
മിക്ക ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. സമരക്കാർ വാഹനം വിട്ടുനൽകാതിരുന്നതിനെ തുടർന്ന് ടെസ്റ്റ് നടത്താനെത്തിയവർക്ക് തിരികെ പോകേണ്ടിയും വന്നു. സിപിഎം അനുകൂല യൂണിയനായ സിഐടിയുവും സമരക്കാർക്ക് പിന്തുണ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സമരക്കാരെ കാണാൻ മന്ത്രി തയ്യാറാകുന്നത്.
പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണെമെന്നാണ് ഐഎൻടിയുസിുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട്. ഇക്കാര്യം നാളെ മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതും ശ്രദ്ധേയം. അതേ സമയം ഇന്ന് പല സ്ഥലങ്ങളിലും പൊലീസ് കാവലിൽ ടെസ്റ്റുകൾ നടന്നു. തിരുവനന്തപുരം മുട്ടത്തറയില്‍ പതിവുപോലെ പൊലീസ് സംരക്ഷണയില്‍ എംവിഡി ഉദ്യോഗസ്ഥരെത്തിയെങ്കിലും സ്ലോട്ട് കിട്ടിയ 40പേരില്‍ രണ്ടുപേര്‍ മാത്രമാണ് ടെസ്റ്റിന് എത്തിയത്. രണ്ടുപേര്‍ക്കും വാഹനമില്ലാത്തതിനാല്‍ പരീക്ഷയില്‍ പങ്കെടുക്കാനായില്ല. കോഴിക്കോടും സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉണ്ടായി. പരിഷ്‌കരണം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമര സമിതി.