ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ഡല്‍ഹിയിലെ വീട്ടില്‍ അരവിന്ദ് കെജ്രിവാളിനെ കാണാന്‍ കാത്തുനിന്നപ്പോള്‍ സ്വാതി മാലിവാളിനോട് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിംഗ് റൂമില്‍ വെച്ചാണ് മോശം പെരുമാറ്റം നടന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഗൗരവമായാണ് കാര്യം കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണായ സ്വാതി മാലിവാള്‍ തിങ്കളാഴ്ച രാവിലെ 9.34ന് പിസിആര്‍ നമ്പറില്‍ വിളിച്ച് ബൈഭവ് കുമാര്‍ തന്നോട് മോശമായി പെരുമാറിയെന്ന് അറിയിച്ചിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. അന്ന് രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനിലെത്തിയ സ്വാതി അഞ്ചു മിനുട്ടിന് ശേഷം രേഖാമൂലം പരാതി നല്‍കാതെ മടങ്ങിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എ.എ.പിയുടെ മുതിര്‍ന്ന് നേതാവ് സഞ്ജയ് സിങ് സംഭവം സ്ഥിരീകരിച്ചത്. ‘അപലപനീയമായ സംഭവം നടന്നത് കഴിഞ്ഞ ദിവസാണ്. മുഖ്യമന്ത്രി കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ സ്വാതി മാലിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. സന്ദര്‍ശക മുറിയില്‍ കാത്തിരിക്കുന്നതിനിടെ ബൈഭവ് കുമാര്‍ അവരോട് അപമര്യാദയായി പെരുമാറി. മുഖ്യമന്ത്രി വിഷയം അതീവ ഗൗരവമായാണ് കാണുന്നത്. കര്‍ശന നടപടി സ്വീകരിക്കുകതന്നെ ചെയ്യും – സഞ്ജയ് സിങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം വിഷയത്തെ കെജ്രിവാളിനും ആംആദ്മിക്കും എതിരായ തുറുപ്പുചീട്ടാക്കി മാറ്റിയിരിക്കയാണ് ബിജെപി. സംഭവത്തിൽ ബി.ജെ.പി നേതാവ് പ്രവീൺ ശങ്കർ കപൂർ മുഖ്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടിയിട്ടുണ്ട്.