പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം. ആറ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ ചികിത്സയിലുമാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി നൂഡിൽസും അരി ആഹാരവും കഴിച്ചതിന് പിന്നാലെയാണ് മൂന്ന് കുട്ടികളടക്കം കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് അവശതയുണ്ടായത്.
അന്ന് രാത്രി തന്നെ ആറ് പേരും വൈദ്യ സഹായം തേടി. അടുത്ത ദിവസം അവർ വീടുകളിലേക്ക് മടങ്ങി. എന്നാൽ അന്ന് രാത്രി കൂടുതൽ അവശത നേരിട്ടതോടെ വീണ്ടും ആശുപത്രിയിലെത്തി. അവിടെ വച്ചാണ് സ്ഥിതി വഷളായ 12 വയസുകാരൻ റോഹൻ മരിച്ചത്.
മറ്റൊരു ആൺകുട്ടി വിവേകിൻ്റെ നില അതീവ ഗുരുതരമാണെന്നും ഭക്ഷ്യ വിഷബാധയേറ്റതാണ് മരണകാരണമെന്നും പിലിബിത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ റാഷിദ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിവേക് റായ്ബറേലി ജില്ലാ ആശുപത്രിയിലും മറ്റുള്ളവർ പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ഉള്ളത്. വിവേക് ഒഴികെയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സാമൂഹിക ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർ റാഷിദ് അറിയിച്ചു.