ദുബായ് ∙ സമുദ്ര മാലിന്യങ്ങൾ ശേഖരിക്കാനും കൈമാറാനും ദുബായ് മുനിസിപ്പാലിറ്റിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ സ്‌മാർട് മറൈൻ സ്‌ക്രാപ്പർ അനാവരണം ചെയ്തു. ബോട്ട് ഫാക്ടറിയുമായി സഹകരിച്ച് എമിറാത്തി പ്രതിഭകൾ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ഈ സ്‌ക്രാപ്പർ അകലെനിന്നുകൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും. കൂടാതെ അൺലിമിറ്റഡ് റേഞ്ചിൽ നിയന്ത്രിക്കാനും സാറ്റലൈറ്റ് സാങ്കേതികവിദ്യയിലൂടെ തത്സമയ നിരീക്ഷണം സുഗമമാക്കാനും കഴിയുന്നു.
കാര്യക്ഷമമായ മാലിന്യ ശേഖരണം ഉറപ്പാക്കുന്നതിന് 5ജി നെറ്റ്‌വർക്കുകളെ പ്രയോജനപ്പെടുത്തുന്ന ഒരു നിയന്ത്രണ സംവിധാനമാണ് ഇതിലുള്ളത്. കൂട്ടിയിടികൾ സ്വയം തടഞ്ഞ് സമുദ്ര സുരക്ഷ വർധിപ്പിക്കുന്ന ഒരു ഇൻ്ററാക്ടീവ് ബാഹ്യ പരിസ്ഥിതി സംവിധാനവും അവതരിപ്പിക്കുന്നു. സ്ക്രാപ്പർ മെച്ചപ്പെട്ട ഉൽപാദനക്ഷമത വാഗ്ദാനം ചെയ്യുന്നതായും അധികൃതർ അറിയിച്ചു. ഇത് 1 ടൺ പൊങ്ങിക്കിടക്കുന്ന സമുദ്ര മാലിന്യങ്ങൾ ശേഖരിക്കാനും കൈമാറാനും അനുവദിക്കുന്നു.
മൂന്ന് കിലോമീറ്ററിലേറെ (19 നോട്ടിക്കൽ മൈൽ) വ്യാപിച്ചുകിടക്കുന്ന ജല കനാലുകളുടെയും അരുവികളുടെയും ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ ദുബായ് മുനിസിപ്പാലിറ്റി ഒരു ടീമിനെ നിയോഗിക്കുകയും ചെയ്തു. ഈ ടീമിൽ 12 മറൈൻ ക്യാപ്റ്റൻമാരും 25 തൊഴിലാളികളും നാവികരും 12 മറൈൻ വാഹനങ്ങളും ഉൾപ്പെടുന്നു. വർക്ക് പ്ലാൻ അനുസരിച്ച് ദൈനംദിന ശുചീകരണ ജോലികൾ നടത്താൻ ടീം പ്രതിജ്ഞാബദ്ധമാണ്. അവർ രാപ്പകൽ ഫീൽഡ് ഫോളോ അപ്പുകളും നടത്തും.