ന്യൂഡൽഹി: എല്‍ടിടിഇയുടെ നിരോധനം 5 വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിെടയാണ് യുഎപിഎ നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി.
തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം എൽടിടിഇ ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണ പ്രവര്‍ത്തനങ്ങളും തുടരുന്നതായും സർക്കാർ വിലയിരുത്തലുണ്ട്. ജനങ്ങൾക്കിടയിൽ വിഘടനവാദ പ്രവണത വളർത്തുന്നതും ഇന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ പിന്തുണ വർദ്ധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയത്.
സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. 1991ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിച്ചത്.
1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 3ലെ ഉപവകുപ്പുകൾ (1), (3) എന്നിവ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും കോട്ടംതട്ടുന്ന പ്രവർത്തനങ്ങളിലാണ് എൽടിടിഇ ഇപ്പോഴും ഏർപ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറഞ്ഞു.