ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) അടുത്തിടെ ഇന്ത്യക്കാർക്കായി 17 ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ആരോഗ്യകരമായ ജീവിതത്തോടൊപ്പം സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണ ക്രമം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐസിഎംആർ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. എന്നാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ്റെ (NIN) ഗവേഷണ വിഭാഗമായ മെഡിക്കൽ പാനൽ ചായയുടെയും കാപ്പിയുടെയും ഉപഭോഗം മിതമായ അളവിൽ നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ഘടകമായ കഫീൻ ആണ് പലപ്പോഴും വില്ലനാകുന്നത്. കഫീന് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അത് വഴി ഉന്മേഷം നൽകാനുമുള്ള ശേഷിയുണ്ട്. എന്നാൽ, ഉന്മേഷത്തിന് വേണ്ടി എപ്പോഴും ചായയോ കാപ്പിയോ കുടിക്കുന്നത് ഇവയ്ക്ക് അടിമയാകുന്ന വിപരീത സാഹചര്യമാണുണ്ടാക്കുക.
150 മില്ലി ലിറ്റർ കാപ്പിയിൽ 80 മുതൽ 120 മില്ലി ഗ്രാം വരെയാണ് കഫീൻ അടങ്ങിയിട്ടുണ്ടാവുക. ഇൻസ്റ്റന്‍റ് കാപ്പിയിൽ ഇത് 50-65 മില്ലി ഗ്രാം ആയിരിക്കും. ചായയിലാകട്ടെ ഇത് 30 മുതൽ 65 മില്ലി ഗ്രാം വരെയുമാണ്. ദിവസം 300 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് ദോഷം ചെയ്യില്ല. പക്ഷേ, അതിലേറെയാകുമ്പോൾ ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നിരുന്നാലും, ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും കാപ്പിയും ചായയും ഒഴിവാക്കണമെന്നാണ് ആവശ്യം. കാരണം ഈ പാനീയങ്ങളിൽ ടാനിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ, ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുമെന്നും ഐസിഎംആർ പറയുന്നു.
കാപ്പിയുടെയും ചായയുടെയും ഉപയോഗം ശരീരത്തിൽ ഇരുമ്പ് ആഗിരണം എങ്ങനെ തടസ്സപ്പെടുത്തും ?
ശരീരം ഭക്ഷണത്തിൽ നിന്ന് ആഗിരണം ചെയ്യുന്ന ഇരുമ്പിൻ്റെ അളവ് കുറയ്ക്കാൻ ടാനിന് കഴിയും. ഭക്ഷണത്തിൽ നിന്ന് നിങ്ങളുടെ രക്തത്തിൽ പ്രവേശിക്കുന്ന ഇരുമ്പിൻ്റെ അളവ് കുറയ്ക്കാനും ടാനിന് സാധിക്കും.ശരീരത്തിലുടനീളം ഓക്സിജൻ വഹിക്കുന്ന ചുവന്ന രക്താണുക്കളിലെ പ്രോട്ടീനായ ഹീമോഗ്ലോബിൻ നിർമ്മിക്കുന്നതിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്. ഊർജ ഉൽപ്പാദനത്തിനും കോശങ്ങളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും ഇത് പ്രധാനമാണ്. ഇരുമ്പിൻ്റെ അളവ് കുറയുന്നത് ഇരുമ്പിൻ്റെ കുറവിനും അനീമിയ പോലുള്ള അവസ്ഥകൾക്കും കാരണമാകുന്നു.
ശരീരത്തിലെ ഇരുമ്പിൻ്റെ അഭാവത്തിൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
ക്ഷീണം അല്ലെങ്കിൽ ഊർജ്ജക്കുറവ്, ശ്വാസതടസ്സം, ഇടയ്ക്കിടെയുള്ള തലവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിളറിയ ചർമ്മം, ഐസിനോടുള്ള ആസക്തി, മുടി കൊഴിച്ചിൽ എന്നിവയാണ് ഇരുമ്പിൻ്റെ അഭാവത്തിൻ്റെ ലക്ഷണങ്ങൾ.
കുറഞ്ഞ എണ്ണ ഉപഭോഗം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മാംസം, സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് മെഡിക്കൽ പാനലിൻ്റെ മറ്റ് ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. പ്രോട്ടീൻ സപ്ലിമെൻ്റുകൾ കഴിക്കരുതെന്നും പഞ്ചസാരയും ഉപ്പും പരിമിതപ്പെടുത്തുകയും ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കണമെന്നും ഐസിഎംആറിൻറെ പ്രസ്താവനയിൽ പറയുന്നു.