കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈത്തിൽ നിന്ന് മടങ്ങി. കുവൈത്ത് അമീറും പ്രധാനമന്ത്രിയും മന്ത്രിമാരും ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും കുവൈത്ത് വിമാനത്താവളത്തിൽ യാത്രയയപ്പു നൽകി.
ഒമാൻ സുൽത്താന്റെ സന്ദർശനത്തോടനുബന്ധിച്ച് വ്യാവസായിക, നിക്ഷേപ, സാമ്പത്തിക, നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നാല് ധാരണാപത്രങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും ഒമാൻ സുൽത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
കുവൈത്തും ഒമാനും തമ്മിലുള്ള ചരിത്രപരമായ അടുപ്പവും വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധവും ഇരുവരും വിലയിരുത്തി. ജി.സി.സി വിഷയങ്ങൾ, പ്രാദേശികമായും ആഗോളതലത്തിലും നടക്കുന്ന പുതിയ സംഭവങ്ങൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അസ്സബാഹും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായിരുന്നു. ഒമാൻ സുൽത്താനും പ്രതിനിധി സംഘത്തിനും അമീർ ഇന്നലെ രാത്രി അത്താഴ വിരുന്നും സംഘടിപ്പിച്ചു. ഒമാൻ സുൽത്താനും സംഘവും കുവൈത്തിന്റെ ചരിത്രം പറയുന്ന അൽ സലാം പാലസ് മ്യൂസിയം സന്ദർശിച്ചു.