വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയിൽ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്.
2019 ലെ പത്രികയിൽ 2.51 കോടി രൂപയുടെ ആസ്തിയുണ്ടെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. 2014 ലെ പത്രികയിൽ 1.66 കോടി രൂപയുടെ ആസ്തിയെന്നും വ്യക്തമാക്കിയിരുന്നു. 2024 ലെത്തിയപ്പോൾ ആസ്തിയിൽ വര്‍ധനവുണ്ടായിട്ടുണ്ട്.
1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ, ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഇത് മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയിൽ സ്ഥാനാര്‍ത്ഥിയായി പത്രിക നൽകുന്നത്. 2014 ലും 2019 ലും മണ്ഡലത്തിൽ അദ്ദേഹം വൻ വിജയം നേടിയിരുന്നു.