മുംബൈ: ശക്തമായ മഴയിലും കാറ്റിലും മുംബൈയിൽ ഇന്നലെ മറിഞ്ഞു വീണ കൂറ്റൻ പരസ്യബോർഡ് സ്ഥാപിച്ച കമ്പനി ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കെതിരെ കേസ്. മുംബൈയിലെ ഘാട്‌കോപ്പറിൽ നടന്ന സംഭവത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പരസ്യബോർഡ് നിർമ്മിച്ച ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 24 കേസുകൾ ഉണ്ട്. കൂടാതെ, ഇയാളും കമ്പനിയിലെ മറ്റുള്ളവരും മരത്തിന് വിഷമടിക്കൽ, മരം മുറിക്കൽ കേസുകളിലും പ്രതികളാണ്.
അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിന് 21 കേസുകളാണ് മുംബൈ നഗരസഭാ പരിധിയിൽ ഇയാൾക്കെതിരെ നിലവിലുള്ളത്. ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളും ഭവേഷിനെതിരെയുണ്ട്. 2009-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു ഭവേഷ്.
ഭവേഷ് ഭിൻഡേ നിലവിൽ ഒളിവിലാണ്. അപകടത്തിന് ഉത്തകവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുംബൈ പോലീസ് അറിയിച്ചു. പ്രദേശങ്ങളിൽ അവശേഷിക്കുന്ന പരസ്യബോർഡുകൾ നീക്കം ചെയ്യുമെന്നും മുംബൈ നഗരസഭാ അധികൃതർ വ്യക്തമാക്കി.
പരമാവധി 40 അടി ഉയരത്തിൽമാത്രമേ ബോർഡ് സ്ഥാപിക്കാവൂ എന്ന നിയമം ലംഘിച്ചവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തിങ്കളാഴ്‌ചയാണ് കനത്ത മഴയിലും കാറ്റിലും ഘാട്‌കോപ്പറിലെ പെട്രോൾ പമ്പിൽ 120 ചതുരശ്ര അടി വലിപ്പമുള്ള പരസ്യബോർഡ് തകർന്നു വീണ് അപകടമുണ്ടായത്. 250 ടൺ ഭാരമുള്ള ബോർഡ് തകരുമ്പോൾ 150 ഓളം വാഹനങ്ങൾ പെട്രോൾ പമ്പിൽ ഉണ്ടായിരുന്നു. തങ്ങളുടെ അനുമതിയില്ലാതെയാണ് പരസ്യബോർഡ് നിർമിച്ചതെന്ന് ബ്രിഹൺമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കിയിരുന്നു. ഈ ബോർഡ് ഏറ്റവും വലിയ പരസ്യബോർഡിനുള്ള ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിച്ചിരുന്നു.