തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസൻസ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പരിഹരിക്കാൻ സർക്കാർ വിളിച്ച ഒത്ത് തീർപ്പ് ചർച്ച ഇന്ന് നടക്കും. മുഴുവൻ യൂണിയനുകളുമായി ഗതാഗതമന്ത്രി മൂന്ന് മണിക്ക് ചർച്ച നടത്തും. സിഐടിയു നേതാക്കളുമായി മാത്രം 23ന് മന്ത്രി ചർച്ച നടത്താൻ തീരുമാനിച്ചതിൽ മറ്റു സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
ആകെയുള്ള 86 സ്ഥലങ്ങളിൽ 18 സ്ഥലങ്ങളിലാണ് ഇന്നലെ ടെസ്റ്റ് നടന്നത്. 274 പേർ പങ്കെടുത്തു. പത്തനംതിട്ട (72)യിലും ഇടുക്കി (60)യിലും കോട്ടയത്തും (61) ആണ് കൂടുതൽ പേർ ടെസ്റ്റിന് പങ്കെടുത്തത്. പൊലീസ് സംരക്ഷണവും ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പുവരുത്തിയിട്ടും ടെസ്റ്റിന് ആളെത്താത്തത് ഗതാഗതവകുപ്പിനെ പ്രതിസന്ധിയിലാക്കി. സ്ലോട്ട് ലഭിച്ചവർ എത്തിയില്ലെങ്കിൽ അടുത്ത ടെസ്റ്റിന് അവസരം കിട്ടാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടിവരും എന്ന നിലപാട് വകുപ്പ് എടുത്തെങ്കിലും പരീക്ഷാർഥികൾ എത്തിയില്ല. ഇതോടെയാണ് ചർച്ച നടത്തി പരിഹാരം കാണാമെന്ന് മന്ത്രിയും ഗതാഗത കമ്മിഷണറും തീരുമാനിച്ചതെന്നാണു വിവരം. എന്നാൽ, സമയം നീട്ടി നൽകാമെന്നല്ലാതെ പരിഷ്കാരത്തിൽ നിന്ന് പിന്നാക്കം പോകാൻ കഴിയില്ലെന്ന നിലപാടിലാണു മന്ത്രി.