തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ 20 വരെ വ്യാപക മഴയ്ക്കു സാധ്യത. അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നലെ പല ജില്ലകളിലും മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇന്നു തെക്കൻ ജില്ലകളിലാണു കൂടുതൽ മഴയ്ക്കു സാധ്യത. ശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിന് സഹകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ ഉറപ്പാക്കി മാറി താമസിക്കാനും നിർദ്ദേശമുണ്ട്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുക. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികളിൽ കുളിക്കാനോ മുറിച്ചു കടക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.