ന്യൂഡൽഹി: പാർലമെന്റ് സുരക്ഷാ ചുമതല ഡൽഹി പൊലീസിൽ നിന്നു കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച ഇതു സംബന്ധിച്ച ഉത്തരവിട്ടിരുന്നു. ഏകദേശം 1500 സിഐഎസ്ഫ് സേനാംഗങ്ങളെയാണു ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന പുകയാക്രമണത്തിനു പിന്നാലെ സുരക്ഷാ ചുമതല സിഐഎസ്എഫിനു കൈമാറാൻ തീരുമാനിച്ചിരുന്നു. ഇന്നലെ ആരംഭിച്ച കൈമാറ്റ നടപടികൾ 20നുള്ളിൽ പൂർത്തിയാക്കും. ഡോഗ് സ്ക്വാഡ്, സിസിടിവി കൺട്രോൾ റൂം എന്നിവയുടെ ചുമതല ഇന്നു കൈമാറും. പാർലമെന്റിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന കേന്ദ്ര റിസർവ് പൊലീസ് സേനാംഗങ്ങളെയും ഒഴിവാക്കി.