ഗഡ്ചിറോളി : ഗഡ്ചിറോളിയിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ മൂന്നു പേർ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗഡ്ചിറോളി പൊലീസിലെ സി-60 കമാൻഡോകൾ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയ്‌ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയ്‌ക്ക് ഇറങ്ങിയതെന്ന് എസ്പി നീലോൽപൽ പറഞ്ഞു. ഭമ്രഗഡ് താലൂക്കിലെ കതരൻഗാട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബസ്തർ മേഖലയുടെ അതിർത്തി പ്രദേശമാണിവിടം.
ഒരു മണിക്കൂറോളം വെടിവെയ്പ് നീണ്ടു നിന്നു. ഇതിന് ശേഷമാണ് മാവോയിസ്റ്റുകൾ വനത്തിലേക്ക് പിന്തിരിഞ്ഞു തുടങ്ങിയത്. പിന്നാലെ സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് രണ്ട് വനിതാ കേഡർമാരുടെ ഉൾപ്പെടെ മൃതശരീരങ്ങൾ ലഭിച്ചത്.