Food

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള വഴുതനങ്ങ കൊണ്ട് ഒരു കിടിലൻ മസാല വഴുതനങ്ങാ കറി

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു പച്ചക്കറിയാണ് വഴുതനങ്ങ. കത്തിരിക്കയെന്നും ഇത് പൊതുവെ അറിയപ്പെടുന്നുണ്ട്. ഇതുപയോഗിച്ച് പലതരം വിഭവങ്ങളും തയ്യറാക്കാം. മസാലകള്‍ ചേര്‍ത്ത് സ്വാദിഷ്ടമായ ഒരു വഴുതനങ്ങാ കറിയുണ്ടാക്കി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • വഴുതനങ്ങ-അരക്കിലോ
  • സവാള-2
  • കടലപ്പരിപ്പ്-1 ടീസ്പൂണ്‍
  • മല്ലി-1ടീസ്പൂണ്‍
  • ഉണക്കമുളക്-3
  • മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
  • കടുക്-1 ടീസ്പൂണ്‍
  • കറിവേപ്പില
  • എണ്ണ
  • ഉപ്പ്

തയ്യറാക്കുന്ന വിധം

വഴുതനങ്ങ കനം കുറച്ച് വട്ടത്തില്‍ അരിയുക. ഒരു പാനില്‍ അല്‍പം എണ്ണ തിളപ്പിച്ച് കടലപ്പരിപ്പ്, മുഴുവന്‍ മല്ലി, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിയ്ക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ മയത്തില്‍ അരയ്ക്കണം. പാനില്‍ അല്‍പം എണ്ണ ചേര്‍ത്ത് ചൂടാക്കി കടുക് പൊട്ടിയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കണം. സവാള നീളത്തില്‍ അരിഞ്ഞതും ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വഴറ്റണം.

ഇതിലേയ്ക്ക വഴുതനങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടിയും അരച്ച മസാലയും ചേര്‍ത്ത് ഇളക്കണം. ഇത് അടച്ചു വച്ച് വേവിയ്ക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം ചേര്‍ക്കാം. വഴുതനങ്ങ വെന്ത് മസാല കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.