Food

എരിവിനും പുളിയ്ക്കും പ്രസിദ്ധമാണ് പഞ്ചാബി പാചകരീതി; ഒരു പഞ്ചാബി ചിക്കന്‍ കറി ആയാലോ?

ചിക്കന്‍ പലതരത്തിലും പാകം ചെയ്യാം. ഓരോ സ്ഥലത്തും വ്യത്യസ്തമായ പാചകരീതികളുമാണ്. പഞ്ചാബി രുചികള്‍ ഒരുവിധം ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. എരിവിനും പുളിയ്ക്കും പ്രസിദ്ധമാണ് പഞ്ചാബി പാചകരീതി. ചിക്കന്‍ പഞ്ചാബി രീതിയില്‍ കറി വച്ചു നോക്കൂ, പഞ്ചാബി ചിക്കന്‍ കറി തയ്യാറാക്കാനും ബുദ്ധിമുട്ടില്ല.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍-കാല്‍ കിലോ
  • സവാള-1
  • തക്കാളി-2
  • തൈര്- കാല്‍കപ്പ്
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടേബിള്‍സ്പൂണ്‍
  • മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
  • മുളകുപൊടി-1 ടീസ്പൂണ്‍
  • ജീരകം-അര ടീസ്പൂണ്‍
  • മുഴുവന്‍ കുരുമുളക്-10 എണ്ണം
  • ഏലയ്ക്ക-2
  • ഗ്രാമ്പൂ-1
  • കറുവാപ്പട്ട-ഒരു കഷ്ണം
  • ഉപ്പ്
  • എണ്ണ
  • വയനയില

തയ്യറാക്കുന്ന വിധം

ചിക്കന്‍ നുറുക്കി നല്ലപോലെ കഴുകിയെടുക്കണം. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കണം. ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ജീരകം എന്നിവ വറുത്തു പൊടിയ്ക്കണം. തക്കാളി അരയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാളയിട്ടു വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇത് നല്ലപോലെ വഴറ്റി ചൂടാറിക്കഴിയുമ്പോള്‍ അരയ്ക്കുക. ഈ കൂട്ട് വീണ്ടും അല്‍പം എണ്ണ പാത്രത്തിലൊഴിച്ചു ചൂടാക്കി ഇതിലേക്കു ചേര്‍ത്തിളക്കുക. പൊടിച്ചു വച്ച മസാലപ്പൊടിയും ചേര്‍ത്തിളക്കണം. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, ഉപ്പ എന്നിവ ചേര്‍ത്തിളക്കണം. അരച്ചു വച്ച തക്കാളിയും ചേര്‍ക്കുക.

മുകളിലെ കൂട്ടിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കണം. അത് കുറഞ്ഞ തീയില്‍ അല്‍പനേരം വേവിയ്ക്കുക. അല്‍പം കഴിഞ്ഞ് തൈരും ചേര്‍ത്തളക്കണം. പാകത്തിനു വെള്ളവും ചേര്‍ത്ത് ചിക്കന്‍ പാകമാകുന്നതു വരെ വേവിയ്ക്കുക. ചിക്കന്‍ വെന്ത് ചാറ് കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്തു വാങ്ങാം. ചോറിനൊപ്പവും ചപ്പാത്തിയ്‌ക്കൊപ്പവും കഴിയ്ക്കാന്‍ ഇത് നല്ലൊരു വിഭവമാണ്.

Latest News