കോഴിക്കോട് : വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായിട്ടായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ ഉടനെ ജര്‍മനിയിലേക്ക് കൊണ്ടുപോവാനാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ നിശ്ചയിച്ച തീയതിക്ക് ഒരുമാസം മുമ്പ് പെണ്‍കുട്ടി വിവാഹത്തില്‍ നിന്ന് പിന്‍മാറി.
ശേഷം ഇരുവരും മ്യൂച്ചല്‍ ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നേയുള്ളൂ. ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് പറവൂരിലെ പെണ്‍കുട്ടി വിവാഹത്തിന് തയ്യാറായി മുന്നോട്ട് വന്നത്. മാട്രിമോണി വഴിയാണ് ഈ രണ്ട് യുവതികളുടേയും കുടുംബവുമായി ബന്ധപ്പെട്ടത്.
ഒരേ ദിവസമാണ് പെണ്ണ് കാണാന്‍ പോയതും. പൂഞ്ഞാര്‍ സ്വദേശിയുമായി വിവാഹം തീരുമാനിക്കുകയും ചെയ്തു. പെണ്ണുകാണല്‍ ചടങ്ങിന്റെ അന്ന് ഈ പെണ്‍കുട്ടി രാഹുലിന്റേയും സുഹൃത്തുക്കളുടേയും നമ്പര്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് പൂഞ്ഞാറിലെ വിവാഹം മുടങ്ങിയത് അറിഞ്ഞ് സുഹൃത്തുക്കള്‍ വഴി തനിക്ക് വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന കാര്യം രാഹുലിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെ മുന്‍കയ്യെടുത്താണ് നേരത്തെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്തിയത്.
ഒരു ദിവസം മാത്രമേ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നുള്ളൂ. അന്ന് ഇരുവരും മദ്യപിച്ചിരുന്നതായും സഹോദരി പറഞ്ഞു. കോട്ടയം സ്വദേശിയുമായി രാഹുലിന്റെ വിവാഹം തീരുമാനിച്ച കാര്യം അന്വേഷണ സംഘവും ശരിവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേസമയം, കേസില്‍ രാഹുലിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനം.