കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും അല്ലെങ്കിൽ ജീരകവും മഞ്ഞളും വെളുത്തുള്ളിയും കറിവേപ്പിലയും മറ്റും എണ്ണയിൽ അല്ലെങ്കിൽ നെയ്യിൽ വറുത്ത് കറികളിൽ ചേർക്കുന്നത് ഒരായിരം വട്ടം കാണുകയും ചെയ്യുകയും ചെയ്തിട്ടുണ്ടാകും. എന്നിരുന്നാലും എന്ത് കൊണ്ടാണ് നമ്മൾ അത് ചെയ്യുന്നതെന്ന് എല്ലാവരും ചിന്തിക്കണമെന്നില്ല. കറികൾ ഉണ്ടാക്കുന്ന പരമ്പരാഗത രീതി എന്നു മാത്രമേ നമ്മൾ അതിനെ കുറിച്ച് കരുതാൻ വഴിയുള്ളൂ. അങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരുപാട് ഗുണമുണ്ടെന്നു പറഞ്ഞാൽ അത്ര എളുപ്പം ആരും വിശ്വസിക്കില്ല.
കടുകുവറക്കുന്നത് തുടക്കത്തിലാണോ, ഒടുക്കത്തിലാണോ എന്നതനുസരിച്ചു ഇവ രണ്ടു തരത്തിൽ നമുക്ക് വേർതിരിക്കാം. ഒരു വലിയ പാൻ ഉപയോഗിച്ച്, എണ്ണ അല്ലെങ്കിൽ നെയ്യ് ചേർത്ത്, എല്ലാ സുഗന്ധവ്യഞ്ജനങ്ങളും വറുത്ത്, എന്നിട്ട് പച്ചക്കറികളോ മാംസമോ ചേർക്കുക, അതേ പാത്രത്തിൽ അവയെ വേവിക്കുക. അങ്ങനെ കറികൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയ്ക്ക് തുടക്കത്തിൽ കടുക് വറുത്ത് ഉപയോഗിക്കുന്നത് മുഴുവൻ പാത്രത്തിൽ പാകം ചെയ്യുമ്പോൾ സുഗന്ധവ്യഞ്ജനങ്ങളുടെയും മറ്റും ഗുണങ്ങൾ ഇതിൽ അലിഞ്ഞു ചേരുകയും ചെയ്യും. പാചകം ചെയ്തതിനു ശേഷം, കടുകും മറ്റും വേറൊരു പാത്രത്തിൽ എണ്ണയിൽ ചൂടാക്കിയതിനു ശേഷം കറിയുടെ മുകളിൽ ചേർക്കുന്നു. സാമ്പാർ, മോര്, ദാൽ എന്നിവയിൽ ഇങ്ങനെയാണ് ചേർക്കുക.
ഇനി നമുക്ക് ഇതിന്റെ ശാസ്ത്രീയവശം നോക്കാം. സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ കറികള്‍ക്കുള്ള സ്വാദ് വര്‍ധിപ്പിക്കാന്‍ ചേര്‍ക്കുന്ന സുഗന്ധമസാലകൾ വെള്ളത്തിനെക്കാൾ അധികം സംയോജിക്കുന്നത് എണ്ണയിലാണ്. ഇവയുടെ സുഗന്ധം എണ്ണയിൽ ഉയർന്ന ചൂടിൽ വരട്ടുമ്പോൾ വർധിക്കുകയും കൂടാതെ അവയുടെ സ്വാദ് എണ്ണയിലൂടെ കൂടുതലായി ഭക്ഷണത്തിൽ അലിഞ്ഞുചേരുകയും ചെയ്യും. അങ്ങനെ പറയുമ്പോൾ സുഗന്ധവ്യഞ്ജനങ്ങളുടെ യഥാർത്ഥ ഗുണം കറികളിൽ എത്തിക്കുന്ന ഉത്തമ മാധ്യമമാണ് കടുകുവറക്കുക എന്ന രീതി.
ഇനി ഇത് ആരോഗ്യകരമായി എങ്ങനെ ഗുണം ചെയ്യുമെന്നു നോക്കാം. കൊഴുപ്പ് എന്നത് ശരീരത്തിന് ചില പ്രത്യേക പോഷണങ്ങൾ വലിച്ചെടുക്കാൻ വേണ്ട ഒരു ഘടകമാണ്. ഉദാഹരണത്തിന്, വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ ചില വിറ്റാമിനുകൾ കൊഴുപ്പ് ലയിക്കുന്നവയാണ്. ഇതിനർത്ഥം, ശരീരത്തിന് ദഹനേന്ദ്രിയ വ്യൂഹത്തില്‍ നിന്ന് ഇവ ആഗിരണം ചെയ്യണമെങ്കിൽ ഈ പോഷണങ്ങൾ കൊഴുപ്പു കലർന്ന ഭക്ഷണത്തിലൂടെ മാത്രം എത്തിച്ചിട്ടേ കാര്യമുള്ളൂ.
ഓരോ പ്രദേശത്തിനും ഉണ്ടാക്കുന്ന വിഭവത്തെ ആശ്രയിച്ച് വിവിധ ഘടകവസ്‌തുക്കള്‍ ആണ് താളിക്കുന്നതിന് ഉപയോഗിക്കുന്നത്. എന്നാൽ ഏറ്റവും അടിസ്ഥാനമായത്, കറുത്ത കടുക്, അല്ലെങ്കിൽ ജീരകം ആണ്. തളിക്കുന്നതിനു ഉപയോഗിക്കുന്ന വസ്തുക്കളും അവ ശരീരത്തിന് നൽകുന്ന ഗുണങ്ങളും നോക്കാം.
കടുക്
കടുക് ചെറുതാണെങ്കിലും ഗുണങ്ങൾ വളരെ വലുതാണ്. കടുക് എന്നത് ജീവകം എ.യുടെ കലവറയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ് ദഹനത്തിനായി സഹായിക്കുന്നു. കാത്സ്യം, ചെമ്പ്, സൾഫർ, പൊട്ടാസ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് സോഡിയം എന്നീ മൂലകങ്ങളും ഇതിലുണ്ട്. കൂടാതെ വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലാവിൻ, വിറ്റാമിൻ സി, അന്നജം, കൊഴുപ്പ് എന്നിവയും കടുകിൽ അടങ്ങിയിരിക്കുന്നു.
ജീരകം
ജീരകം ദഹനപ്രശ്നങ്ങൾ, രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവ നിയന്ത്രിക്കുന്നു. മാത്രമല്ല അസിഡിറ്റിക്കും വയറിളക്കത്തിനും എതിരെ ഫലപ്രദവുമാണ്.
കറിവേപ്പില
കറിവേപ്പില ധാതുക്കളായ കാത്സ്യം, ഫോസ്‌ഫറസ്, നാര്, കാർബോഹൈഡ്രേറ്റ്സ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകഘടകങ്ങളിൽ അടങ്ങിയതാണ്. മാത്രമല്ല, നിരവധി വിറ്റാമിനുകളും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.
വറ്റൽ മുളക്/വറ്റൽ മുളക് വിത്തുകൾ
ചുവപ്പും പച്ചയും മുളകിന്റെ അകത്തു കാണപ്പെടുന്ന വിത്തുകളിൽ വിറ്റാമിൻ എ, ബി, കെ എന്നിവയുടെ കലവറയാണ്. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഇവ ഫലപ്രദമെന്നു കരുതപ്പെടുന്നു.
മഞ്ഞൾപ്പൊടി/കുരുമുളക് പൊടി
മഞ്ഞൾപ്പൊടി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനു പുറമെ, ഇവയിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന സംയുക്തം രോഗബാധ തടയാൻ സഹായിക്കുന്നു. മാത്രമല്ല ചുമയും തൊണ്ടവേദനയും മറ്റും ഉണ്ടാകുന്നതു തടയാൻ സഹായിക്കുന്നു. ചർമ്മത്തിന് ഇത് നല്ലതാണ്. ആന്റിഓക്സിഡൻറായ മരുന്നുകളെ പോലെ നിങ്ങളുടെ പ്രതിരോധശക്തി വർധിപ്പിക്കാനും സാധാരണ കൊളസ്ട്രോൾ നിലകൾ നിലനിർത്താനും സഹായിക്കും.
മല്ലി വിത്തുകൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ, ദഹനവ്യവസ്ഥ കുറയ്ക്കുവാൻ, കൊളസ്ട്രോൾ നിലകൾ മെച്ചപ്പെടുത്താൻ സഹായിക്കുക എന്നതാണ് ഇവയുടെ കർത്തവ്യം.
വെളുത്തുള്ളി
രോഗബാധയും വൈറൽ ബാക്ടീരിയയും അകറ്റി നിർത്താൻ സഹായിക്കുന്ന ആൻറി ബാക്ടീരിയ, ഫംഗസ് വിരുദ്ധ സ്വഭാവങ്ങൾ ഉണ്ട്. വളരെ നേരം പാചകം ചെയ്യുമ്പോഴും വെളുത്തുള്ളി പേസ്റ്റ് ഉണ്ടാക്കി ചേർക്കുമ്പോഴും അതിന്റെ ഔഷധഗുണങ്ങൾ നഷ്ടപ്പെടുന്നു. എന്നാൽ താളിക്കുമ്പോൾ ഈ ഗുണങ്ങൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കഴിയും.